ഇന്ത്യയില്‍ 3,200 കോടിയുടെ നിക്ഷേപവുമായി ഹ്യുണ്ടായ്

പ്രാദേശികമായി തന്നെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് കമ്പനിയുടെ ലക്ഷ്യം

Update:2021-02-18 13:55 IST

ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3,200 കോടി നിക്ഷേപിക്കാനൊരുങ്ങുന്നു. ഇലക്ട്രിക് വാഹന നിരയില്‍ പുതിയ മോഡലുകളെത്തിക്കാനും ഹരിത മൊബിലിറ്റിയിലൂടെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് ഹ്യുണ്ടായ് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്.

ഇന്ത്യയില്‍ 25 വര്‍ഷത്തോളമായി തുടരുന്ന ഹ്യുണ്ടായ് മോട്ടോഴ്‌സ് രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയുടെ 17 ശതമാനത്തിലധികം പങ്കുവഹിക്കുന്നുണ്ടെങ്കിലും ഭാവിയിയിലെ വളര്‍ച്ചയ്ക്ക് ഇലക്ട്രിക് മൊബിലിറ്റി നിര്‍ണായകമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ എസ് എസ് കിം പറഞ്ഞതായി ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഭാവിയില്‍ ഏവര്‍ക്കും 'താങ്ങാനാവുന്ന' ഇലക്ട്രിക് കാര്‍ പ്രാദേശികമായി നിര്‍മിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇതിനായി 1,000 കോടി രൂപ മുതല്‍മുടക്കും. പ്രദേശികമായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധിതകള്‍ കമ്പനി തയ്യാറാക്കി വരികയാണ്. ഇതിന് കിയയുമായി കൈകോര്‍ക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ഹ്യൂണ്ടായ് നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വിഭാഗത്തില്‍ കോന ഇ-എസ് യു വി വിപണിയിലെത്തിച്ചിട്ടുണ്ട്. 24 ലക്ഷം രൂപ (എക്സ്ഷോറൂം) യാണ് ഇതിന്റെ വില.
പ്രാദേശികമായി ആദ്യത്തെ ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്, എന്നാല്‍ വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കിം വെളിപ്പെടുത്തിയില്ല. വിപണിയിലെ ട്രെന്‍ഡുകള്‍ക്കനുസൃതമായി ഒരു മിനി എസ്യുവി ആയിരിക്കുമെന്നാണ് കമ്പനി ഇന്‍സൈഡര്‍മാര്‍ സൂചന നല്‍കുന്നത്.


Tags:    

Similar News