ജനുവരിയിലെ വില്‍പ്പനയില്‍ 23.8 ശതമാനം വളര്‍ച്ചയുമായി ഹ്യുണ്ടായ്

കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 42,002 യൂണിറ്റാണ് വിറ്റുപോയത്

Update:2021-02-02 10:04 IST

2021ന്റെ തുടക്കത്തില്‍ തന്നെ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. ജനുവരിയില്‍ മൊത്തം 60,105 യൂണിറ്റ് വില്‍പ്പന നടത്തിയതായി കമ്പനി വ്യക്തമാക്കി. മൊത്തം വില്‍പ്പനയില്‍ 52,005 യൂണിറ്റ് ആഭ്യന്തര വിപണിയില്‍ വിറ്റപ്പോള്‍ 8,100 യൂണിറ്റ് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്തു.

ആഭ്യന്തര വില്‍പ്പന 2020 ജനുവരിയിലെ 42,002 യൂണിറ്റിനെ അപേക്ഷിച്ച് ഈ വര്‍ഷം 23.8 ശതമാനം വര്‍ധിച്ചു. കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 10,000 യൂണിറ്റുകളില്‍ നിന്ന് 19 ശതമാനം കുറഞ്ഞു. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് അടുത്തിടെയാണ് ഐ 20 പുറത്തിറക്കിയത്.
'ജനുവരി മാസത്തില്‍ ഉയര്‍ന്ന ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ട് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 2021ല്‍ ശക്തമായ തുടക്കം കുറിച്ചിരിക്കുകയാണ്' എച്ച്എംഐഎല്‍ സെയില്‍സ് മാര്‍ക്കറ്റിംഗ് & സര്‍വീസ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
'അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ നൂതന ഉല്‍പ്പന്നങ്ങളായ ക്രെറ്റ, വെര്‍ന, ഐ 20 എന്നിവയ്ക്ക് അതത് സെഗ്മെന്റുകളില്‍ ബ്രാന്‍ഡ് മേധാവിത്വം പ്രദര്‍ശിപ്പിക്കാനും മികച്ച ഉപഭോക്തൃ ആകര്‍ഷണത്തിലൂടെ വളര്‍ച്ചാ വേഗത കൈവരിക്കാനുമായി. ഇന്ത്യയിലെ ഹ്യുണ്ടായ് ബ്രാന്‍ഡ് ലോകോത്തര സാങ്കേതികവിദ്യയുടെയും സേവനങ്ങളുടെയും ശക്തമായ പ്രകടനമായി മാറിയതില്‍ സന്തോഷമുണ്ട്, അതുവഴി ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഡ്രൈവിംഗ്, ഉടമസ്ഥാവകാശ അനുഭവം പുനര്‍നിര്‍വചിക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു കോര്‍പ്പറേറ്റ് പൗരനെന്ന നിലയില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെയും സമൂഹത്തെയും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News