ഇന്ത്യന്‍ ഇവി വിപണി ലക്ഷ്യമിട്ട് ഹ്യുണ്ടായ്, 4000 കോടിയുടെ നിക്ഷേപം
ചെറു കാറുകള്‍ മുതല്‍ SUVവരെയുള്ള എല്ലാ സെഗ്മെന്റിലും മോഡലുകള്‍ അവതരിപ്പിക്കും
പാസഞ്ചര്‍ വാഹന വിപണിയില്‍ രാജ്യത്തെ രണ്ടാമനായ ഹ്യുണ്ടായ് ഇലക്ട്രിക് കാറുകള്‍ക്കായി 4000 കോടിയുടെ നിക്ഷേപം നടത്തും. 2028 ഓടെ 6 ഇലക്ട്രിക് മോഡലുകള്‍ രാജ്യത്ത് അവതരിപ്പിക്കാനാണ് പദ്ധതി. ശ്രേണിയിലെ ആദ്യ മോഡല്‍ 2022ല്‍ എത്തും.
രാജ്യത്തെ ഇവി (electric vehicle) വിപണിയില്‍ ആദ്യപത്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഹ്യൂണ്ടായിയുടെ നീക്കം. ഇതിന്റെ ഭാഗമായി ചെറു കാറുകള്‍ മുതല്‍ SUVവരെയുള്ള എല്ലാ സെഗ്മെന്റിലും കമ്പനി ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കും. 2022ല്‍ 18,000 ഇവികളും 2025ല്‍ 73000, 2028ല്‍ 1.75 ലക്ഷവുമായി രാജ്യത്തെ ഇവികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കുകള്‍.
വില കുറഞ്ഞ ഇവികള്‍ എത്തിക്കാന്‍ പ്രാദേശികമായി ബാറ്ററി സെല്‍ നിര്‍മാതാക്കളുമായി സഹകരിക്കുമെന്നും ഹ്യുണ്ടായ് അറിയിച്ചു. ഇപ്പോള്‍ ഇവി വാഹനങ്ങളുടെ 40 ശതമാനത്തോളം ബാറ്ററി ഇനത്തിലാണ് ചെലവാകുന്നത്. നിലവില്‍ കോന എന്ന് ഒരു ഇലക്ട്രിക് മോഡല്‍ മാത്രമാണ് ഹ്യൂണ്ടായിക്ക് ഇന്ത്യയില്‍ ഉള്ളത്. 23.79 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായ് കോനയുടെ വില ആരംഭിക്കുന്നത്.
നാലുകൊല്ലത്തിനുള്ളില്‍ 10 ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. 15,000 കോടി രൂപയാണ് ടാറ്റ ഈ മേഖലയില്‍ നിക്ഷേപിക്കുന്നത്. അതേ സമയം 2025ന് ശേഷമായിരിക്കും ഇവി- മോഡലുകള്‍ അവതരിപ്പിക്കുകയെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കാളായ മാരുതി സുസുക്കി വ്യക്തമാക്കിയിരുന്നു. നിലവിലെ രാജ്യത്തെ ഇവി വിപണി തങ്ങള്‍ക്ക് അനുകൂലമല്ലെന്ന നിലപാടാണ് മാരുതിക്ക് ഉള്ളത്.