15 വര്‍ഷം പഴക്കമുള്ള വാഹനം ഉപയോഗിക്കുന്നുണ്ടോ, എങ്കില്‍ വലിയ വില നല്‍കേണ്ടിവരും

വാഹനങ്ങളുടെ പുനര്‍ രജിസ്‌ട്രേഷന്‍ ഫീസ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഫീസ് എന്നിവയുടെ നിരക്ക് മൂന്നു മുതല്‍ എട്ട് മടങ്ങ് വരെയാണ് വര്‍ധിപ്പിച്ചത്

Update:2021-10-06 10:27 IST

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ പുനര്‍ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്രം. വെഹിക്ക്ള്‍ സ്‌ക്രാപ്പേജ് പോളിസിയുടെ ഭാഗമായാണ് കേന്ദ്ര റോഡ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ പുനര്‍ രജിസ്‌ട്രേഷന്‍ ഫീസ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഫീസ് എന്നിവയുടെ നിരക്ക് മൂന്നു മുതല്‍ എട്ട് മടങ്ങ് വരെയാണ് കേന്ദ്രം വര്‍ധിപ്പിച്ചത്.

15 വര്‍ഷം പഴക്കമുള്ള കാറിന്റെ പുനര്‍ രജിസ്‌ട്രേഷന്‍ നിരക്ക് നിലവിലെ ഫീസ് 600 രൂപയില്‍നിന്ന് 5,000 രൂപയായാണ് ഉയര്‍ത്തിയത്. പഴയ ബൈക്കുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ ചാര്‍ജ് 300 രൂപയില്‍നിന്ന് 1,000 രൂപയായും ഉയര്‍ത്തി. അതുപോലെ, 15 വര്‍ഷത്തിലധികം പഴക്കമുള്ള ബസിന്റെയോ ട്രക്കിന്റെയോ ഫിറ്റ്‌നസ് പുതുക്കുന്നതിനുള്ള ചാര്‍ജ് 1500 രൂപയില്‍ നിന്ന് 12,500 രൂപയോളമാണ് വര്‍ധിച്ചത്. ഇടത്തരം ഗുഡ്‌സുകളുടെയും പാസഞ്ചര്‍ മോട്ടോര്‍ വാഹനത്തിന്റെയും ഫീസ് 10,000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്്. ഇറക്കുമതി ചെയ്ത ബൈക്കുകളുടെയും കാറുകളുടെയും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് യഥാക്രമം 10,000 രൂപയും 40,000 രൂപയും ചിലവാകും.
പുതുക്കിയ നിരക്ക് അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. കൂടാതെ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെട്ടതിന് ശേഷമുള്ള ഓരോ ദിവസവും വൈകുന്നതിന് 50 രൂപ അധിക ഫീസ് ഈടാക്കുമെന്നും കേന്ദ്ര റോഡ് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.
അതേസമയം, സ്‌ക്രാപ്പേജ് പോളിസിയുടെ ഭാഗമായി പഴയ വാഹനം പൊളിച്ചവര്‍ പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കില്ല. ഇതിന് വെഹിക്ക്ള്‍ സ്‌ക്രാപ്പേജ് സെന്ററില്‍നിന്നുള്ള രേഖ സമര്‍പ്പിക്കേണ്ടതുണ്ട്.



Tags:    

Similar News