വാഹന വില്‍പ്പന ഇനിയും താഴും, ഡീലര്‍മാര്‍ സൂക്ഷിക്കുക

Update:2018-11-13 11:10 IST

കാര്‍ വില്‍പ്പന വളര്‍ച്ചയുടെ കാര്യത്തില്‍ ലോകത്തെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ. എന്നാല്‍ ഈ സാമ്പത്തികവര്‍ഷം ഇന്ത്യയിലെ ഓട്ടോമൊബീല്‍ വിപണിയെ കാത്തിരിക്കുന്നത് നല്ല വാര്‍ത്തകളല്ല.

നിരവധി കാരണങ്ങള്‍ കൊണ്ട് വാഹനവിപണി 2018-19 സാമ്പത്തികവര്‍ഷം നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന അവസ്ഥയിലെത്തുമെന്ന് പ്രവചനങ്ങള്‍. ഇക്കഴിഞ്ഞ ഉല്‍സവനാളുകളിലൊന്നും പ്രതീക്ഷിച്ചതുപോലെ വില്‍പ്പന നേടാനായില്ലെന്ന് മാത്രമല്ല സമീപകാലത്തെ ഏറ്റവും മോശം സീസണ്‍ ആയിരുന്നുവെന്ന് തന്നെ പറയാം.

ഈ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച ആറ് ശതമാനത്തിലും താഴെയാകാം എന്ന് വിപണിവിദഗ്ധര്‍ പ്രവചിക്കുന്നു. 5.8 ശതമാനത്തിലേക്ക് താഴാമെന്ന് ജാറ്റോ ഡൈനാമിക്‌സിന്റെ പ്രസിഡന്റ് രവി ഭാട്യ പറയുന്നു. 2015 സാമ്പത്തികവര്‍ഷം രാജ്യത്ത് വിറ്റ പാസഞ്ചര്‍ വാഹനങ്ങളുടെ എണ്ണം 2.60 മില്യണ്‍ ആയിരുന്നു.

2016ല്‍ അത് 2.78 മില്യണും 2017ല്‍ 3.04 മില്യണും 2018ല്‍ 3.28 മില്യണും ആയി. എന്നാല്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചഴേസിന്റെ (SIAM) പഠനം അനുസരിച്ച് 2019 സാമ്പത്തിക വര്‍ഷം വര്‍ഷം പ്രതീക്ഷിക്കുന്ന വില്‍പ്പന 2.02 മില്യണ്‍ മാത്രമാണ്.

ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ സ്റ്റോക്ക് ചെയ്യുമ്പോള്‍ ഡീലര്‍മാര്‍ ഏറെ കരുതലെടുക്കണം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. കാരണം ക്രിസ്തുമസ്, പുതുവല്‍സരം ലക്ഷ്യം വെച്ച് ഈ കലണ്ടര്‍ വര്‍ഷത്തില്‍ നിര്‍മിക്കുന്ന വാഹനം വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ കനത്ത ഡിസ്‌കൗണ്ടില്‍ വാഹനം വില്‍ക്കാന്‍ ഡീലര്‍മാര്‍ നിര്‍ബന്ധിതരാകും.

ഇന്ധനവിലക്കയറ്റവും പലിശനിരക്കിലെ വര്‍ദ്ധനയും ഇന്‍ഷുറന്‍സ് പ്രീമിയം തുക വാഹനം വാങ്ങുമ്പോള്‍ തന്നെ ഒന്നിച്ച് അടയ്‌ക്കേണ്ടി വന്നതും ഒക്കെ പുതിയ വാഹനം വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റുന്നുണ്ട്. രാജ്യത്തെ മൊത്തത്തിലുള്ള അവസ്ഥ ഇതാണെങ്കില്‍ കേരളത്തില്‍ ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാണ്. പ്രളയം സൃഷ്ടിച്ച ഭീതിയില്‍ നിന്ന് ഇവിടത്തെ ഉപഭോക്താക്കള്‍ മോചിതരാകുന്നേയുള്ളു.

Similar News