ലംബോര്‍ഗിനിക്കായി ഓരോ 10 ദിവസത്തിലും ഇന്ത്യക്കാര്‍ ചെലവിട്ടത് അഞ്ച് കോടി

ഇന്ത്യയിലെ ഒരു ലംബോര്‍ഗിനി കാറിന്റെ ശരാശരി വില നാല് കോടി രൂപയാണ്

Update: 2021-07-17 08:10 GMT

കോവിഡ് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയ 2020 ല്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ കാറുകള്‍ വാങ്ങുന്നതിനായി ഓരോ 10 ദിവസത്തിലും ഇന്ത്യക്കാര്‍ ചെലവിട്ടത് അഞ്ച് കോടി. 2020 ല്‍ ആകെ 36 യൂണിറ്റുകളാണ് ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. അതേസമയം 2019 നേക്കാള്‍ വലിയ കുറവാണ് 2020 ല്‍ കമ്പനി രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2019 ല്‍ 52 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 30 ശതമാനത്തിന്റെ കുറവാണ് 2020 ലുണ്ടായത്. ഇന്ത്യയിലെ ഒരു ലംബോര്‍ഗിനി കാറിന്റെ ശരാശരി വില (എക്‌സ് ഷോറൂം) നാല് കോടി രൂപയാണ്. കൂടാതെ, വാഹനം വാങ്ങുന്നയാള്‍ കസ്റ്റമൈസേഷനും മറ്റുമായി 20 ശതമാനത്തോളം രൂപ ചെലവഴിക്കേണ്ടതായും വരും. ഇത് ഉള്‍പ്പെടെ ഏകദേശം അഞ്ച് കോടി രൂപയാണ് ലംബോര്‍ഗിനിക്കായി ഓരോ 10 ദിവസത്തിലും ഇന്ത്യക്കാര്‍ ചെലവിട്ടതെന്ന് ലംബോര്‍ഗിനി ഇന്ത്യയുടെ തലവന്‍ ശരദ് അഗര്‍വാള്‍ പറയുന്നു.
അതേസമയം, ഇന്ത്യന്‍ വിപണിയില്‍ സജീവമാകുന്നതിന്റെ ഭാഗമായി ലംബോര്‍ഗിനി ഇന്ത്യയിലെ സൂപ്പര്‍ കാറുകളുടെ ശ്രേണിയിലേക്ക് ഒരു മോഡല്‍ കൂടി അവതരിപ്പിച്ചു. വേഗതയിലെ രാജാവാകാന്‍ ഹുറകാന്‍ എസ്ടിഒ എന്ന മോഡലാണ് ലംബോര്‍ഗിനി അവതരിപ്പിച്ചത്. 4.99 കോടി എക്‌സ് ഷോറൂം വില വരുന്ന ഹുറകാന്‍ എസ്ടിഒ ഭാരം കുറച്ച് സവിശേഷതകളോടെയാണ് ഇന്ത്യയിലെത്തുന്നത്. ബോഡിയുടെ 75 ശതമാനവും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മിച്ചതിനാല്‍ ഹുറാകാന്‍ പെര്‍ഫോര്‍മന്റിനേക്കാള്‍ 43 കിലോഗ്രാം ഭാരം കുറവാണ്. മൂന്ന് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയും 9 സെക്കന്റില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 310 കിലോമീറ്ററാണ് പരമാവധി വേഗത.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ലംബോര്‍ഗിനി ഇന്ത്യയില്‍ വിപണിയിലെ രണ്ട് കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോള മോഡലുകള്‍ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരിക, ഇന്ത്യന്‍ വാങ്ങുന്നവര്‍ക്ക് മികച്ച ഡ്രൈവിംഗ് അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുക എന്നിവയിലൂടെ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ശക്തമായ പങ്കാളിത്തം കണ്ടെത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.



Tags:    

Similar News