2018ല്‍ എറ്റവും വിറ്റഴിഞ്ഞ കാറുകള്‍ ഏത്?

Update:2019-01-12 16:00 IST

വാഹനവിപണിയില്‍ പതിവുപോലെ മാരുതി ആധിപത്യം പുലര്‍ത്തിയ വര്‍ഷമായിരുന്ന 2018. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 25 കാറുകളില്‍ 12 കാറുകളും മാരുതിയുടേത് തന്നെ. രണ്ടാം സ്ഥാനം ഹ്യുണ്ടായിക്ക്. ഇവരുടെ നാല് കാറുകളാണ് ലിസ്റ്റിലുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മോഡല്‍ മാരുതി ഡിസയറാണ്. രണ്ടാം സ്ഥാനം ഓള്‍ട്ടോയ്ക്കും മൂന്നാം സ്ഥാനം സ്വിഫ്റ്റിനും. നാലും അഞ്ചും സ്ഥാനങ്ങള്‍ യഥാക്രമം മാരുതി ബലീനോ, മാരുതി ബ്രെസ എന്നീ കാറുകള്‍ നേടി. മാരുതി വാഗണ്‍ ആറാം സ്ഥാനവുമായി തൊട്ടുപിന്നാലെയുണ്ട്. ഹ്യുണ്ടായി ഐ20, ഹ്യൂണ്ടായ് ജി ഐ10, ഹ്യുണ്ടായ് ക്രെറ്റ, മാരുതി സെലേറിയോ എന്നീ മോഡലുകളാണ് ഏഴ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഓള്‍ട്ടോയ്ക്ക് 0% വളര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളു. ആറാം സ്ഥാനത്തുള്ള വാഗണ്‍ആറിന്റെ വില്‍പ്പനയില്‍ ഒമ്പത് ശതമാനം കുറവുണ്ടാവുകയും ചെയ്തു. പത്താം സ്ഥാനത്തുള്ള സെലേറിയോയ്ക്കും 0% ആണ് വളര്‍ച്ച.

ഹ്യൂണ്ടായിയുടെ നാല് കാറുകളാണ് ലിസ്റ്റിലുള്ളത്. ഹ്യുണ്ടായ് ഐ10 ഗ്രാന്‍ഡിന്റെ വില്‍പ്പന 13 ശതമാനം കുറഞ്ഞെങ്കിലും ലിസ്റ്റിലുള്ള മറ്റ് മൂന്ന് മോഡലുകളായ ഹ്യുണ്ടായ് ഐ20 എലൈറ്റ്, ഹ്യുണ്ടായ് ക്രെറ്റ, ഹ്യുണ്ടായ് വെര്‍ണ്ണ എന്നിവ പൊസിറ്റീവ് വളര്‍ച്ച കൈവരിച്ചു.

ടാറ്റയുടെ കാറുകളില്‍ ടിയാഗോ, നെക്‌സണ്‍ എന്നിവയാണ് ലിസ്റ്റിലുള്ളത്. ടിയാഗോയുടെ വില്‍പ്പന 30 ശതമാനം ഉയര്‍ന്നത് ടാറ്റയ്ക്ക് നേട്ടമായി. എന്നാല്‍ 19ാം സ്ഥാനത്തുള്ള നെക്‌സണ്‍ അല്‍ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് കാഴ്ചവെച്ചത്. കഴിഞ്ഞ വര്‍ഷം 14,062 നെക്‌സണ്‍ കാറുകളാണ് വിറ്റതെങ്കില്‍ 2018ല്‍ അത് 52,519 എണ്ണമായി ഉയര്‍ന്നു. അതായത് 273 ശതമാനം വളര്‍ച്ച!

ഹോണ്ടയുടെ അമേസ് 139 ശതമാനം വളര്‍ച്ച കൈവരിച്ചു. എന്നാല്‍ ഹോണ്ട സിറ്റിയുടെ വില്‍പ്പന 33 ശതമാനം കുറഞ്ഞു. മഹീന്ദ്ര ബൊലേറോയുടെ വില്‍പ്പന അഞ്ച് ശതമാനം കൂടിയപ്പോള്‍ സ്‌കോര്‍പ്പിയോയുടെ വില്‍പ്പന ആറ് ശതമാനം ഇടിഞ്ഞു. 15ാം സ്ഥാനത്തുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില്‍പ്പന എട്ട് ശതമാനം കൂടി. 20ാം സ്ഥാനത്തുള്ള ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന്റെ വില്‍പ്പനയും 15 ശതമാനം കൂടി. എന്നാല്‍ റിനോ ക്വിഡിന്റെ വില്‍പ്പന 28 ശതമാനം ഇടിഞ്ഞു.

2018ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാറുകള്‍

  1. മാരുതി ഡിസയര്‍
  2. മാരുതി ഓള്‍ട്ടോ
  3. മാരുതി സ്വിഫ്റ്റ്
  4. മാരുതി ബലീനോ
  5. മാരുതി ബ്രെസ്സ
  6. മാരുതി വാഗണ്‍ആര്‍
  7. ഹ്യുണ്ടായി ഐ20
  8. ഹ്യുണ്ടായി ജി ഐ10
  9. ഹ്യുണ്ടായി ക്രെറ്റ
  10. മാരുതി സെലേറിയോ
  11. ടാറ്റ ടിയാഗോ
  12. മാരുതി ഒമ്‌നി
  13. മഹീന്ദ്ര ബൊലേറോ
  14. മാരുതി ഇക്കോ
  15. ടൊയോട്ട ഇന്നോവ ക്രിസ്റ്റ
  16. ഹോണ്ട അമേസ്
  17. റിനോ ക്വിഡ്
  18. മാരുതി എര്‍ട്ടിഗ
  19. ടാറ്റ നെക്‌സണ്‍
  20. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്
  21. മാരുതി സിയാസ്
  22. മഹീന്ദ്ര സ്‌കോര്‍പ്പിയോ
  23. മാരുതി ഇഗ്നിസ്
  24. ഹ്യുണ്ടായ് വെര്‍ണ്ണ
  25. ഹോണ്ട സിറ്റി

Similar News