അശ്രദ്ധ ഡ്രൈവിങ് തടയാന്‍ വാഹനങ്ങളില്‍ 'ഡാഷ് ക്യാമറ' വേണമെന്ന് ഹൈക്കോടതി

Update:2019-10-15 14:03 IST

വാഹനാപകടങ്ങളുടെ ഉത്തരവാദികള്‍ രക്ഷപ്പെടുന്നതു തടയാന്‍ പൊതു വാഹനങ്ങളില്‍ 'ഡാഷ് ക്യാമറ' സ്ഥാപിണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിങ് ശീലങ്ങളും മറ്റും നിരീക്ഷിക്കാനും അശ്രദ്ധമായ ഡ്രൈവിങ് തടയാനും ഫലപ്രദ സംവിധാനമൊരുക്കാന്‍ ഇനിയും വൈകരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

വാഹനത്തിന് പുറത്തെ ദൃശ്യങ്ങള്‍ വിഡിയോയായി പകര്‍ത്താനാണ് ഡാഷ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. വാഹനത്തിന്റെ മുന്നിലെ ഗ്ലാസിലോ ഡാഷ് ബോര്‍ഡിലോ ക്യാമറ പിടിപ്പിക്കാം. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സൂക്ഷിക്കാനായി ഇവയില്‍ സ്റ്റോറേജ് കാര്‍ഡ് ഇടാനാകും.

പൊതു ഗതാഗത വാഹനങ്ങള്‍ ഓടിക്കുന്നവരെ ശരിയായി നിരീക്ഷിക്കാനുള്ള സംവിധാനം നിലവിലില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ അലംഭാവം മാറുന്നില്ല. നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ വിമുഖത പ്രകടം. കൂടാതെ പഴഞ്ചന്‍ അന്വേഷണ രീതിയും സാക്ഷികളുടെ നിസ്സഹകരണവും മൂലം മിക്ക വാഹനാപകട കേസുകളിലും പ്രതികള്‍ രക്ഷപ്പെടുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊതു ഗതാഗത വാഹനങ്ങളിലെങ്കിലും ഡാഷ് ക്യാമറകള്‍ സ്ഥാപിക്കുന്നതു സ്വാഗതാര്‍ഹമാണെന്ന്് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും ഡിജിപിയും അറിയിച്ചു.

Similar News