ഇലക്ട്രിക് വാഹന വിപണി കിതക്കുന്നുവോ?

ഫോര്‍വീല്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 53 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ മറ്റ് വിഭാഗങ്ങളില്‍ കുറഞ്ഞു

Update:2021-04-22 15:18 IST

ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോഴും രാജ്യത്തെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ഇടിവ്. 2020-21 സാമ്പത്തിക വര്‍ഷം രാജ്യത്തെ ഇലക്ട്രിക് വാഹന വില്‍പ്പന 20 ശതമാനം കുറഞ്ഞതായി സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍(എസ്എംഇവി) പറഞ്ഞു. 2,36,802 യൂണിറ്റുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് വിറ്റഴിച്ചത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, ഇലക്ട്രിക് ത്രീ വീലറുകള്‍, ഇലക്ട്രിക് ഫോര്‍ വീലറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2,95,683 യൂണിറ്റായിരുന്നു.
2019-20 സാമ്പത്തിക വര്‍ഷത്തെ 1,52,000 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന ആറ് ശതമാനം ഇടിഞ്ഞ് 1,43,837 യൂണിറ്റായി. മൂന്ന് ചക്ര ഇലക്ട്രിക് വാഹന വിഭാഗത്തില്‍നിന്ന് 88,378 യൂണിറ്റുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,40,683 യൂണിറ്റായിരുന്നു.
അതേസമയം ഫോര്‍വീല്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തി. 2019-20 ലെ 3,000 യൂണിറ്റിനെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4,588 യൂണിറ്റുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. 53 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്.
'2020-21 സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഞങ്ങള്‍ ഒരു നല്ല വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ വിവിധ കാരണങ്ങളാല്‍ വില്‍പ്പന നിശ്ചലമായി. ഇലക്ട്രിക് ത്രീ വീലര്‍, ഇരുചക്ര വാഹന വിഭാഗങ്ങളിലെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്' എസ്എംഇവി ഡയറക്ടര്‍ ജനറല്‍ സൊഹിന്ദര്‍ ഗില്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശക്തമായ ബാങ്ക് ഫിനാന്‍സ് ലഭ്യമല്ല. എസ്ബിഐ, ആക്‌സിസ് തുടങ്ങിയ ഏതാനും ബാങ്കുകള്‍ മാത്രമേ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഫിനാന്‍സിംഗ് ലഭ്യമാക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News