ഇലക്ട്രിക് വാഹനങ്ങള്‍; റിലയന്‍സുമായി സഹകരിക്കാന്‍ മഹീന്ദ്ര

ചാര്‍ജിംഗ്, ബാറ്ററി സ്വാപ്പിംഗ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ഇരുവരും സഹകരിക്കും

Update: 2021-12-09 06:15 GMT

ജിയോ-ബിപി ബ്രാന്‍ഡില്‍ സേവനങ്ങള്‍ നല്‍കുന്ന റിലയന്‍സ് ബിപി മൊബിലിറ്റി ലിമിറ്റഡും(ആര്‍ബിഎംഎല്‍) മഹീന്ദ്ര ഗ്രൂപ്പും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒന്നിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട നിര്‍മാണങ്ങള്‍ക്കും സേവനങ്ങള്‍ക്കും സഹകരിക്കാനുള്ള ധാരണാപത്രം ഇരുകമ്പനികളും ഒപ്പുവെച്ചു. യുകെ ആസ്ഥാനമായ ബിപിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് ആരംഭിച്ച സംയുക്ത സംരംഭമാണ് ജിയോ-ബിപി.

മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വാഹനങ്ങളും ജിയോ- ബിപിയുടെ ചാര്‍ജിങ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തും. കൂടാതെ നിലവിലുള്ള ജിയോ-ബിപി സ്റ്റേഷനുകള്‍ ഉപയോഗിക്കാനും കരാറിലൂടെ മഹീന്ദ്രയ്ക്ക് സാധിക്കും. ഇവി ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള ജിയോ-ബിപിയുടെ ആദ്യ സ്റ്റേഷന്‍ മഹാരാഷ്ട്രയില്‍ അടുത്തിയെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഭാവിയില്‍ റിലയന്‍സിന് കീഴിലുള്ള പെട്രോള്‍ പമ്പുകളെ ജിയോ-ബിപിക്ക് കീഴിലാക്കിയേക്കും.
ചാര്‍ജിംഗ്, ബാറ്ററി സ്വാപ്പിംഗ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ മഹീന്ദ്രയും ജിയോ ബിപിയും സഹകരിക്കും. ചാര്‍ജ് തീര്‍ന്ന ബാറ്ററികള്‍ക്ക് പകരം ചാര്‍ജുള്ള ബാറ്ററികള്‍ ചെറിയ തുക നല്‍കി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന രീതിയാണ് ബാറ്ററി സ്വാപ്പിംഗ്.
ഓഗസ്റ്റില്‍ ബാറ്ററി സ്വാപ്പിംഗ് സേവനം ഉപയോഗപ്പെടുത്തുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഫൂഡ് ഡെലിവറിക്ക് ഉപയോഗിക്കാന്‍ സ്വിഗ്ഗിയുമായി ജിയോ-ബിപി ധാരണയിലെത്തിയിരുന്നു. ഇലക്ട്രിക് ടാക്‌സി സേവനങ്ങള്‍ നല്‍കുന്ന ബ്ലൂസ്മാര്‍ട്ടുമായും ജിയോ-ബിപി സഹകരിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 5500 സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് ജിയോ-ബിപി ലക്ഷ്യമിടുന്നത്.


Tags:    

Similar News