2039 ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാന്‍ ജെ.എല്‍.ആര്‍
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറ് പൂര്‍ണ ഇലക്ട്രിക് വേരിയന്റുകള്‍ കമ്പനി പുറത്തിറക്കും
ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ.എല്‍.ആര്‍) 2039 ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുന്നു. ആഗോളതലത്തിലുള്ള കാര്‍ബണ്‍ രഹിത വാഹന മത്സരത്തില്‍ പങ്കുചേര്‍ന്ന് ക്ലീന്‍ എനര്‍ജി വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ലാകമെമ്പാടുമുള്ള കാര്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക്, മറ്റ് ഹരിത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ ത്വരിതപ്പെടുത്താനാണ് 'റി ഇമാജിന്‍' എന്ന പേരില്‍ ജെഎല്‍ആര്‍ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറ് പൂര്‍ണ ഇലക്ട്രിക് വേരിയന്റുകള്‍ പുറത്തിറക്കാനാണ് കമ്പനി ലഭ്യമിടുന്നത്. ഭാവിയിലെ ജാഗ്വാര്‍ മോഡലുകള്‍ പൂര്‍ണമായും ഒരു ഇലക്ട്രിക് ആര്‍ക്കിടെക്ചറില്‍ മാത്രമായി നിര്‍മ്മിക്കപ്പെടുമെന്ന് ജെഎല്‍ആര്‍ പറഞ്ഞു. ലാന്‍ഡ് റോവറിന്റെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് വേരിയന്റ് 2024 ല്‍ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.
നിലവില്‍ കൂടുതല്‍ കാര്‍ നിര്‍മ്മാതാക്കള്‍ സിറോ കാര്‍ബണ്‍ എമിഷനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ പുതിയ കാറുകളും എസ്യുവികളും ലൈറ്റ് പിക്കപ്പ് ട്രക്കുകളും 2035 ഓടെ സീറോ-ടെയില്‍പൈപ്പ് എമിഷനിലേക്ക് മാറുമെന്ന് ഏറ്റവും വലിയ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
2030 ആകുമ്പോഴേക്കും 100 ശതമാനം ജാഗ്വാര്‍ കാറുകളും 60 ശതമാനം ലാന്‍ഡ് റോവറുകളും സീറോ-ടെയില്‍പൈപ്പ് പവര്‍ട്രെയിനുകള്‍ കൊണ്ട് സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജെഎല്‍ആര്‍ പറഞ്ഞു.