കേരളത്തിലെ റീട്ടെയില്‍ വാഹന വില്‍പന ജൂണില്‍ 11.5% ഇടിഞ്ഞു

ടൂവീലര്‍, കാര്‍ വില്‍പനയില്‍ വലിയ ഇടിവ്; കേന്ദ്രം സബ്‌സിഡി വെട്ടിയതും തിരിച്ചടിയായി

Update:2023-07-10 23:06 IST

Image : Canva

കേരളത്തില്‍ കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത് 57,315 വാഹനങ്ങളെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സിന്റെ (ഫാഡ) റിപ്പോര്‍ട്ട്. 2022 ജൂണിലെ 64,753 വാഹനങ്ങളേക്കാള്‍ 11.49 ശതമാനം കുറവാണിത്. സംസ്ഥാനത്തെ ആര്‍.ടി.ഒകളില്‍ നിന്ന് ശേഖരിച്ച രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫാഡ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കാറും ടൂവീലറും ഇടിഞ്ഞു
കഴിഞ്ഞമാസം ഇരുചക്ര വാഹനങ്ങളുടെ വില്‍പന 2022 ജൂണിലെ 44,016ല്‍ നിന്ന് 37,978 ആയി കുറഞ്ഞു; 13.72 ശതമാനമാണ് ഇടിവ്. പുതിയ കാറുകളുടെ വില്‍പന 16,583ല്‍ നിന്ന് 14.35 ശതമാനം ഇടിഞ്ഞ് 14,204ലുമെത്തി.
ഓട്ടോയ്ക്ക് വലിയ പ്രിയം
ത്രീവീലറുകളുടെ വില്‍പന കഴിഞ്ഞമാസം 1,517ല്‍ നിന്ന് 62.16 ശതമാനം കുതിച്ച് 2,460 എണ്ണമായി. വാണിജ്യ വാഹനങ്ങളുടെ വില്‍പന 2,610ല്‍ നിന്ന് 1.23 ശതമാനം ഉയര്‍ന്ന് 2,642ലുമെത്തി. 31 ട്രാക്ടറുകളും ജൂണില്‍ കേരളീയര്‍ വാങ്ങി. 2022 ജൂണിലെ 27 എണ്ണത്തെ അപേക്ഷിച്ച് 14.81 ശതമാനം അധികമാണിത്.
വിതരണത്തിലെ പ്രശ്‌നം
വിതരണ ശൃംഖലയിലെ പ്രതിസന്ധികളാണ് കഴിഞ്ഞമാസം ഇരുചക്ര, കാര്‍ വാഹനങ്ങളുടെ വില്‍പനയെ ബാധിച്ചതെന്ന് ഫാഡ കേരള ചെയര്‍ മനോജ് കുറുപ്പ് പറഞ്ഞു. മറ്റ് ശ്രേണികളിലുണ്ടായ മികച്ച വളര്‍ച്ച വരുംമാസങ്ങളില്‍ വിപണി കരയറുമെന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഫാഡ വിലയിരുത്തുന്നു.
സബ്‌സിഡി വെട്ടിയതും തിരിച്ചടിയായി
വൈദ്യുത വാഹനങ്ങള്‍ക്ക് (ഇ.വി/EV) ഫെയിം-2 സ്‌കീം അനുവദിച്ചിരുന്ന സബ്‌സിഡി എക്‌സ്‌ഷോറൂം വിലയുടെ 40 ശതമാനമെന്നത് കേന്ദ്രം ജൂണ്‍ ഒന്നുമുതല്‍ 15 ശതമാനമായി കുറച്ചിരുന്നു. ഇതോടെ, വില കയറിയത് വില്‍പനയെ ബാധിച്ചു.
വൈദ്യുത വാഹന വില്‍പനയിലെ കുറവ് കേരളത്തിലെ മൊത്തത്തിലുള്ള വാഹന വില്‍പനയ്ക്കും കഴിഞ്ഞമാസം തിരിച്ചടിയാവുകയായിരുന്നു. മേയിലെ 8,635ല്‍ നിന്ന് 5,119 എണ്ണമായി കേരളത്തില്‍ കഴിഞ്ഞമാസം വൈദ്യുത വാഹന വില്‍പന കുറഞ്ഞിരുന്നു. പ്രമുഖ വൈദ്യുത ഇരുചക്ര വാഹന കമ്പനികളെല്ലാം കഴിഞ്ഞമാസം കനത്ത വിൽപന നഷ്ടമാണ് സംസ്ഥാനത്ത് നേരിട്ടത്.
Tags:    

Similar News