ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡിയുമായി കേരളം
മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകള്‍ക്കാണ് സബ്‌സിഡി നല്‍കുക
ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡിയുമായി കേരളം. മുന്നൂറ് വാണിജ്യ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കാണ് സബ്‌സിഡി അനുവദിച്ചത്. ഒന്നര കോടി രൂപയാണ് സബ്സിഡിയായി നല്‍കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി നല്‍കാന്‍ ഒന്നര കോടി രുപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.
ഡല്‍ഹി, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇലക്ട്രിക് മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ലോകം തന്നെ ഇലക്ട്രിക്കിലേക്ക് മാറുമ്പോള്‍ അതിന് പ്രോത്സാഹനമായാണ് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് കേരളം സബ്‌സിഡി നല്‍കുന്നത്.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഇ- വാഹനനയത്തില്‍ വാണിജ്യവാഹനങ്ങളില്‍ വൈദ്യുതി ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പന്ത്രണ്ടു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 10,000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തിയാക്കുവാന്‍ ഒരു നോഡല്‍ ഓഫീസറെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.