ഇന്ത്യന്‍ യൂസ്ഡ് കാര്‍ വിപണി ഉയരുന്നു; മലയാളി തെരഞ്ഞെടുക്കുന്നതെന്ത്?

സംസ്ഥാനത്തും യൂസ്ഡ് കാര്‍ വാഹനങ്ങള്‍ക്കുള്ള ഡിമാന്റ് കുത്തനെ ഉയരുകയാണ്. സ്വന്തമായൊരു കാര്‍ എന്ന സ്വപ്‌നത്തിന് പിറകെ മലയാളി പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ഈ വാഹനങ്ങളാണ്

Update:2022-09-13 12:45 IST

സ്വന്തമായൊരു കാര്‍.. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടത്തരം കുടുംബങ്ങളൊക്കെയും ഓടിയത് ഈ ആഗ്രഹത്തിന് പിന്നാലെയായിരുന്നു. വീട്ടു മുറ്റത്തൊരു കാര്‍ എന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അലങ്കാരമായിരുന്നെങ്കില്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇന്ന് അത് അത്യാവശ്യമാണ്. പ്രത്യേകിച്ച്, കോവിഡിന് ശേഷം പൊതുഗതാഗതത്തെ ആശ്രയിക്കുന്ന രീതി തന്നെ മാറി മറിഞ്ഞപ്പോള്‍. ഇതിന്റെയൊക്കെ പ്രതിഫലനം ഇന്ത്യയിലെ യൂസ്ഡ് കാര്‍ വിപണിയിലുമുണ്ടായിട്ടുണ്ട്. പലര്‍ക്കും വലിയ തുക കൊടുത്ത് പുതിയൊരു കാര്‍ സ്വന്തമായി വാങ്ങാന്‍ സാധിക്കാത്തതുംം സെമികണ്ടക്ടര്‍ ക്ഷാമം പുതിയ വാഹനങ്ങളുടെ കാത്തിരിപ്പ് കാലാവധി നീണ്ടതുമൊക്കെ ഇന്ത്യയിലെ യൂസ്ഡ് കാര്‍ വിപണിക്ക് സഹായകമായി.

പ്രതീക്ഷിക്കുന്നത് 19.5 ശതമാനം വാര്‍ഷിക വളര്‍ച്ച

നിലവില്‍ ഇന്ത്യയിലെ യൂസ്ഡ് കാര്‍ വിപണി വളരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബ്ലൂ ബുക്ക് കാര്‍ ആന്റ് ബൈക്ക് റിപ്പോര്‍ട്ട് 2022 അനുസരിച്ച്, 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ യൂസ്ഡ് കാര്‍ വിപണി മൂല്യം 23 ബില്യണ്‍ യുഎസ് ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 19.5 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്ന വിപണിയുടെ വലുപ്പം 2027 ഓടെ ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യൂസ്ഡ് കാര്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന പ്രധാന ഘടകങ്ങള്‍ വളര്‍ന്നുവരുന്ന മധ്യവര്‍ഗവും യുവജനസംഖ്യയുമാണ്.

കേരള വിപണിയും കുതിക്കുന്നു

ഇന്ത്യന്‍ വാഹന രംഗത്ത് എന്ത് മാറ്റങ്ങളുണ്ടായാലും പുതിയ ലോഞ്ചുകളുണ്ടായാലും ആദ്യം പ്രതിഫലിക്കുന്ന വിപണികളിലൊന്നാണ് കേരളം. കാരണം, പുതിയത് എന്തും സ്വന്തമാക്കണമെന്ന മലയാളിയുടെ ആഗ്രഹം തന്നെ. അതിനാല്‍ തന്നെ കേരളം യൂസ്ഡ് കാര്‍ വിപണിയിലും ദേശീയതലത്തിലെ ഇതേ ട്രെന്‍ഡിന് പിന്നാലെ തന്നെയാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ''ദേശീയതലത്തിലെ യൂസ്ഡ് കാര്‍ വിപണി വളര്‍ച്ചയ്ക്ക് ആനുപാതികമായി കേരളത്തിലും വില്‍പ്പനയുണ്ട്. നേരത്തെ, 2015 വര്‍ഷങ്ങളില്‍ രണ്ട് പുതിയ കാറുകള്‍ വില്‍ക്കുമ്പോഴാണ് ഒരു യൂസ്ഡ് കാര്‍ വിറ്റുപോകുന്നതെങ്കില്‍ ഇന്ന് അത് നേരെ തിരിച്ചാണ്. അതായത്, രണ്ട് യൂസ്ഡ് കാര്‍ വിറ്റുപോകുമ്പോഴാണ് ഇപ്പോള്‍ ഒരു പുതിയ കാറിന്റെ വില്‍പ്പന നടക്കുന്നത്.'' 10 വര്‍ഷത്തിലധികമായി യൂസ്ഡ് കാര്‍ വിപണന രംഗത്ത് പ്രവര്‍ത്തിച്ച കണ്ണൂരിലെ ഷിനോയ് ധനത്തോട് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ സമയത്താണ് യൂസ്ഡ് കാറുകളുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നത്. അന്ന് പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് കുറഞ്ഞതോടെ യൂസ്ഡ് കാറുകളുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നു. വില്‍ക്കുന്നയാള്‍ പറയുന്നതായിരുന്നു അന്നത്തെ യൂസ്ഡ് കാറുകളുടെ വില്‍പ്പന. കൂടാതെ, സെമികണ്ടക്ടര്‍ ക്ഷാമം കാരണം പുതിയ വാഹനങ്ങളുടെ കാത്തിരിപ്പ് കാലാവധി നീണ്ടതോടെ പലരും യൂസ്ഡ് കാര്‍ വാങ്ങാനുമെത്തി - ഷിനോയ് പറഞ്ഞു.

എന്നാല്‍, ഡിമാന്റ് ഉയര്‍ന്നെങ്കിലും വില്‍ക്കാനായി യൂസ്ഡ് കാറുകള്‍ ലഭിക്കുന്നില്ലെന്നാണ് എറണാകുളത്തെ യൂസ്ഡ് കാര്‍ ഷോറൂമായ ക്രേസി കാര്‍സിന്റെ ഉടമ അജിത് ബാബു ജോസഫ് പറയുന്നത്. ''സെമികണ്ടക്ടര്‍ ക്ഷാമം കാരണം പുതിയ വാഹനങ്ങള്‍ കിട്ടാതായതോടെ ആളുകള്‍ വാഹനങ്ങള്‍ വില്‍ക്കുന്നത് കുറഞ്ഞു. ഇത് യൂസ്ഡ് കാര്‍ വിപണിയില്‍ വാഹനങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാക്കി. ഇപ്പോള്‍ ആളുകളുടെ കയ്യില്‍ പണമില്ലാത്ത സ്ഥിതിയുമുണ്ട്. ലോണെടുക്കാനും താല്‍പ്പര്യപ്പെടുന്നില്ല'' അദ്ദേഹം പറഞ്ഞു.

ആവശ്യക്കാരേറെ ഈ വാഹനങ്ങള്‍ക്ക്

കേരളത്തിലെ യൂസ്ഡ് കാര്‍ വിപണിയില്‍ കൂടുതല്‍ ആളുകളുമെത്തുന്നത് കുറഞ്ഞവിലയില്‍ കാര്‍ സ്വന്തമാക്കുക എന്ന ആഗ്രഹത്തോടെയാണ്. ''അഞ്ച് ലക്ഷത്തിന് താഴെയുള്ള വാഹനങ്ങള്‍ക്കാണ് കൂടുതല്‍ പേരുമെത്തുന്നത്. ഇതില്‍ തന്നെ മൂന്ന് ലക്ഷത്തിന് താഴെയുള്ള ആള്‍ട്ടോ 800, സാന്‍ട്രോ തുടങ്ങിയ വാഹനങ്ങള്‍ക്കാണ് ഡിമാന്റുള്ളത്. വാഹന വിപണിയിലുള്ള എസ്‌യുവി ട്രെന്‍ഡ് യൂസ്ഡ് കാര്‍ വിപണിയിലുണ്ടെങ്കിലും താരതമ്യേന കുറവാണ്. കാരണം നല്ലൊരു യൂസ്ഡ് എസ്‌യുവി (ഉദാഹരണത്തിന് ബ്രെസ്സ, നെക്‌സോണ്‍, അര്‍ബന്‍ ക്രൂയ്‌സര്‍) കിട്ടണമെങ്കിലും ഏഴ് ലക്ഷത്തിന് മുകളില്‍ വരും. ഈ വിഭാഗത്തില്‍ തന്നെ ഡീസല്‍ വാഹനങ്ങള്‍ക്കാണ് ആവശ്യക്കാരുള്ളത്'' ഷിനോയ് പറയുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സ്‌ക്രാപ്പേജ് പോളിസി നല്ല പഴയ വാഹനങ്ങളുടെ വില്‍പ്പനയില്‍ പ്രതീക്ഷിച്ച മാറ്റമുണ്ടാക്കിയില്ലെന്നാണ് ഷിനോയ് പറയുന്നത്. പലരും ഒന്ന് രണ്ട് വര്‍ഷത്തേക്ക് ഉപയോഗിക്കാനും ഡ്രൈവിംഗ് പഠിക്കാനുമൊക്കെയാണ് ഇത്തരത്തില്‍ പഴയ വാഹനങ്ങള്‍ വാങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ വില്‍ക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. അതിനാല്‍ സ്‌ക്രാപ്പേജ് പോളിസി വലിയ പ്രതിഫലനമുണ്ടാക്കിയിട്ടില്ല - ഷിനോയ് പറഞ്ഞു.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News