ആദ്യം വെറും 100 യൂണിറ്റുകള്‍ മാത്രം, കിയ ഇവി 6 ബുക്കിംഗിന് തുടക്കം
പൂര്‍ണചാര്‍ജില്‍ 528 കിലോമീറ്റര്‍ ദൂരപരിധിയാണ് കിയ ഇവി 6ന് വാഗ്ദാനം ചെയ്യുന്നത്
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ (Kia India) ഹൈ-എന്‍ഡ് പ്രീമിയം ഇലക്ട്രിക് സെഡാനായ ഇവി 6ന്റെ ബുക്കിംഗിന് തുടക്കം. ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോം (ഇ-ജിഎംപി) എന്ന സമര്‍പ്പിത ഇവി ആര്‍ക്കിടെക്ചറിലാണ് കിയ ഇവി6 നിര്‍മിച്ചിരിക്കുന്നത്. ഈ വര്‍ഷം വെറും 100 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയിലെത്തിക്കുന്നത്.
ഇറക്കുമതി ചെയ്ത മോഡല്‍ അടുത്തയാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും. 12 നഗരങ്ങളിലെ തിരഞ്ഞെടുത്ത 15 ഡീലര്‍ഷിപ്പുകള്‍ വഴി മൂന്ന് ലക്ഷം രൂപ ടോക്കണ്‍ നല്‍കി ഇവി6 ബുക്ക് ചെയ്യാവുന്നതാണെന്ന് കിയ അറിയിച്ചു. കിയ ഇന്ത്യ വെബ്സൈറ്റ് വഴിയും ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്.
പൂര്‍ണചാര്‍ജില്‍ 528 കിലോമീറ്റര്‍ ദൂരപരിധിയാണ് കിയ ഇവി6ന് (Kia ev6) വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, 5.2 സെക്കന്റിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും. 350 KWh ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റിനുള്ളില്‍ വാഹനം 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു. പനോരമിക് സണ്‍റൂഫ്, മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ് തുടങ്ങി 60-ലധികം കണക്റ്റഡ് ഫീച്ചറുകളോടെയാണ് ഈ വാഹനം വിപണിയിലെത്തുന്നത്.