കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്‌സ് ഇനി ഇന്ത്യൻ നിരത്തുകളിലേക്ക്. ഇന്ത്യൻ വിപണിയിലേക്കുള്ള വരവറിയിക്കാൻ കമ്പനിയുടെ ഏറ്റവും പുതിയ എസ്‌യുവി സെൽറ്റോസ് ഗുരുഗ്രാമിൽ നടന്ന ചടങ്ങിലാണ് അവതരിപ്പിച്ചത്.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ നാലു മോഡലുകൾ കൂടി അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആന്ധ്രപ്രദേശിലെ അനന്ത്പൂരിലുള്ള ഫാക്ടറിയിലാണ് വാഹനം നിർമിച്ചത്.
ഇന്ത്യൻ ഉപഭോക്താക്കളെ മനസിൽ കണ്ടുകൊണ്ട് രൂപകൽപന ചെയ്ത വാഹനമാണെങ്കിലും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും.
കിയ 2 ബില്യൺ ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ 1.1 ബില്യൺ പ്ലാന്റ് സ്ഥാപിക്കുന്നതിലും. ഒരു വർഷം 3 ലക്ഷം യൂണിറ്റുകൾ നിർമിക്കാൻ ശേഷിയുള്ള പ്ലാന്റാണിത്.
ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഈ വാഹനം വിപണിയിലെത്തൂ. 11 ലക്ഷം രൂപ മുതലാണ് വില എന്നാണ് റിപ്പോർട്ടുകൾ. നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളോടെയാണ് സെൽറ്റോസ് എത്തുന്നത്.
എൻജിൻ ബിഎസ്-6 നിലവാരത്തിലുള്ളതായിരിക്കും. മൂന്നു എൻജിൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുക: 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ, 1.4 ലീറ്റർ ടർബോ പെട്രോൾ.
ടൈഗര്‍ നോസ് കോൺസെപ്റ്റിലുള്ള ഗ്രില്‍, എല്‍ഇഡി ഹെഡ് ലാമ്പ്, സില്‍വര്‍ ഫിനിഷ് സ്‌കിഡ് പ്ലേറ്റ്, നീളൻ ബോണറ്റ്, 18 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയ് വീൽ എന്നിവയാണ് ചില സവിശേഷതകൾ.
സെൽറ്റോസ് ഒരു കണക്ട്റ്റഡ് കാറാണ്. യുവിഒ കണക്ട് എന്ന സാങ്കേതികവിദ്യയിലൂടെ 37 സ്മാര്‍ട്ട് ഫീച്ചറുകളാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. മികച്ച സുരക്ഷ സംവിധാനങ്ങളും വാഹനത്തിനുണ്ട്.