ഇത്തവണ ഇലക്ട്രിക് പതിപ്പ്; രണ്ടാം വരവിന് ഒരുങ്ങി കൈനറ്റിക് ലൂണ
ഇരുചക്ര വാഹന നിര്‍മാണ മേഖലയില്‍ 400 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുകയാണ് കൈനറ്റിക്
ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ സജീവ സാന്നിധ്യമായിരുന്ന മോപ്പഡ് ബൈക്ക് കൈനറ്റിക് ലൂണ (Luna) തിരിച്ചെത്തുന്നു. രണ്ടാം വരവില്‍ ഇലക്ട്രിക് വാഹനമായാണ് ലൂണ എത്തുന്നത്. കൈനറ്റിക് എന്‍ഞ്ചിനീയറിംഗിന് (Kinetic Engineering) കീഴിലുള്ള കൈനറ്റിക് ഗ്രീന്‍ എനര്‍ജി (kinetic green energy and power solutions) ആണ് ഇ-ലൂണയുടെ നിര്‍മാതാക്കള്‍. ഈ വര്‍ഷം സെപ്റ്റംബറില്‍ ആണ് ലൂണയുടെ തിരിച്ചുവരവ് കൈനറ്റിക് പ്രഖ്യാപിച്ചത്.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഏറ്റവും പുതിയ രേഖകള്‍ അനുസരിച്ച് ഇ-ലൂണയ്ക്ക് വേണ്ടിയുള്ള ഫ്രെയിം ഉള്‍പ്പടെയുള്ള ഭാഗങ്ങളുടെ നിര്‍മാണം കൈനറ്റിക് തുടങ്ങിയിട്ടുണ്ട്. പ്രതിമാസം 5000 യൂണീറ്റ് ഉല്‍പ്പാദന ശേഷിയുള്ള സൗകര്യങ്ങളാണ് ലൂണയ്ക്കായി കൈനറ്റിക്ക് ഉപയോഗിക്കുന്നത്. 2023 ആദ്യ പാദത്തില്‍ വാഹനം വിപണിയിലെത്തും. അതേ സമയം ഇ-ലൂണയുടെ സവിശേഷതകളൊന്നും കൈനറ്റിക്ക് പുറത്തുവിട്ടിട്ടില്ല. നിലവില്‍ മോപ്പഡ് വിഭാഗത്തില്‍ ടിവിഎസ് എക്‌സ്എല്‍ ഹെവി എന്ന ഒരു മോഡല്‍ മാത്രമാണ് രാജ്യത്തുള്ളത്.
1972ല്‍ ആണ് 50 സിസി എഞ്ചിനില്‍ ആദ്യമായി ലൂണ പുറത്തിറങ്ങുന്നത്. ഒരുഘട്ടത്തില്‍ പ്രതിദിനം 2000 ലൂണ വരെ വിറ്റുപോയ കാലഘട്ടമുണ്ടെന്ന് കൈനറ്റിക് എന്‍ഞ്ചിനീയറിംഗ് എംഡി അജിങ്ക്യ ഫിറോദിയ പറയുന്നു. ഒരു മാസം 25,000 യൂണീറ്റ് നിര്‍മാണ ശേഷിയുള്ള ഇരുചക്ര നിര്‍മാണ പ്ലാന്റ് പൂനയ്ക്ക് സമീപമുള്ള സുപയില്‍ കൈനറ്റിക്ക് ഗ്രീന്‍ ആരംഭിക്കുകയാണ്. അഹമ്മദ്‌നഗറിലെ പ്ലാന്റില്‍ ഒരുമാസം 7,500 ഇരുചക്ര വാഹനങ്ങളാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
അടുത്ത നാല് വര്‍ഷം കൊണ്ട് മേഖലയില്‍ 400 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനിയുടെ ലക്ഷ്യം. ഇ-ബഗ്ഗി, ഇ-ഓട്ടോ, പെട്ടി ഓട്ടോ സ്‌കൂട്ടര്‍, സൈക്കിള്‍ എന്നിവയാണ് കൈനറ്റിക് ഗ്രീന്‍ ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍. നിലവില്‍ 100.60 രൂപയാണ് (27-12-2022) കൈനറ്റിക് എന്‍ഞ്ചിനീയറിംഗിന്റെ ഓഹരി വില.