ഉല്‍പ്പാദനം വര്‍ധിപ്പിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മുന്‍നിരയിലെത്താന്‍ കൊമാക്കി
ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കുമായുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി അവതരിപ്പിച്ചിരുന്നു;
പെട്രോള്‍ വില കുത്തനെ വര്‍ധിച്ചതോടെ നിരത്തുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും സജീവമായിട്ടുണ്ട്. ചുരുങ്ങിയ ചെലവില്‍ ഉപയോഗിക്കാമെന്നതിനാല്‍ തന്നെ പുതുതായി ഇരുചക്ര വാഹനം വാങ്ങുന്നവരില്‍ വലിയ വിഭാഗവും തെരഞ്ഞെടുക്കുന്നത് ഇലക്ട്രിക് സ്‌കൂട്ടറുകളാണ്. മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാള്‍ക്ക് പകരം മറ്റ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഈ രംഗത്ത് മുന്നേറുന്നത്. ഇത്തരത്തില്‍ ഉപഭോക്താക്കളില്‍നിന്നുള്ള ഡിമാന്റ് വര്‍ധിച്ചതോടെ ഉല്‍പ്പാദനം കൂട്ടാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ കൊമാക്കി. 2016 ല്‍ ആരംഭിച്ച കമ്പനി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദനം കുത്തനെ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
നേരത്തെ പ്രതിമാസം 4500 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കൊമാക്കി നിര്‍മിച്ചിരുന്നത്. ഇത് ഇത് 8500 ആയി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ, രാജ്യത്തുടനീളമായുള്ള ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളുടെ എണ്ണം മുന്നൂറില്‍നിന്ന് അഞ്ഞൂറായും ഉയര്‍ത്തി. നിലവില്‍, 2021 ല്‍ 21,000 യൂണിറ്റുകളാണ് കൊമാക്കി ഇന്ത്യയില്‍ വിറ്റഴിച്ചത്.
നൂതന ബാറ്ററി സംവിധാനമാണ് കൊമാക്കിയുടെ സവിശേഷതകളിലൊന്ന്. ഇതുവഴി ചുരുങ്ങിയ സമയത്തിനുള്ളില്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ചെറിയ ഊര്‍ജം പോലും പരമാവധി പ്രയോജനപ്പെടുത്താനും അനാവശ്യ ഇന്ധന ഉപഭോഗം ഒഴിവാക്കാനും ഇത് സാധ്യമാക്കുന്നു.
അതിനിടെ ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കുമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹനം കമ്പനി അവതരിപ്പിച്ചു. എക്സ്ജിടിഎക്സ്5 എന്ന പേര് നല്‍കിയിരിക്കുന്ന ഈ മോഡല്‍ രണ്ട് വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. വിആര്‍എല്‍എ ജെല്‍ ബാറ്ററി വേരിയന്റിന് 72,500 രൂപയും ലിഥിയം അയണ്‍ ബാറ്ററി വേരിയന്റിന് 90,500 രൂപയുമാണ് എക്‌സ് ഷോറൂം വില. രണ്ട് മോഡലുകള്‍ക്കും പൂര്‍ണ ചാര്‍ജില്‍ 80-90 കിലോമീറ്റര്‍ ദൂരപരിധിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലിഥിയം അയണ്‍ വേരിയന്റിന് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 4-5 മണിക്കൂര്‍ വേണ്ടി വരുമ്പോള്‍ വിആര്‍എല്‍എ ജെല്‍ ബാറ്ററി വേരിയന്റിന് 6-8 മണിക്കൂര്‍ ആവശ്യമായിവരും.