സംസ്ഥാനത്തെ ഇലക്ട്രിക് വാഹന വിപണിക്ക് പുത്തനുണര്‍വ്വ്, ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസും കെഎഎല്ലും കൈകോര്‍ക്കുന്നു

ആദ്യഘട്ടത്തില്‍ 20 - 30 കോടി രൂപയുടെ നിക്ഷേപമാണ് സംയുക്ത സംരംഭമായ കെഎഎല്‍ ലോര്‍ഡ്‌സ് നടത്താനുദ്ദേശിക്കുന്നത്

Update:2022-02-14 13:13 IST

സംസ്ഥാനത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിക്ക് പുത്തനുണര്‍വേകുന്ന പദ്ധതിയുമായി കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ്. മുംബൈ ആസ്ഥാനമായുള്ള റിന്യൂവബ്ള്‍ എനര്‍ജി ഉല്‍പ്പന്ന ഉല്‍പ്പാദകരായ ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് കെഎഎല്‍ ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്ത് മുന്നേറ്റത്തിനൊരുങ്ങുന്നത്. ഇരുകമ്പനികളും തമ്മിലുള്ള ധാരണയനുസരിച്ച് പുതിയ സംരംഭത്തിന്റെ 74 ശതമാനം പങ്കാളിത്തവും ലോര്‍ഡ് മാര്‍ക്ക് ഇന്‍ഡസ്ട്രീസിന്റെ ഉപകമ്പനിയായ ലോര്‍ഡ് ഓട്ടോമോട്ടീവിന് ആയിരിക്കും. ബാക്കി 26 ശതമാനം പങ്കാളിത്തമായിരിക്കും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎഎല്ലിനുണ്ടാവുക.

പുതിയ പങ്കാളിത്തത്തിലൂടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഉല്‍പ്പാദനശേഷി 15 ലക്ഷമാക്കി ഉയര്‍ത്തും. കണ്ണൂരിലാണ് ഇതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കുക. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരുകമ്പനികളും തിങ്കളാഴ്ച ഒപ്പുവച്ചു. നിര്‍മാണ സൗകര്യങ്ങള്‍ 2022 അടിസ്ഥാനത്തോടെ ഒരുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംയുക്ത സംരംഭമായ കെഎഎല്‍ ലോര്‍ഡ്‌സ് ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെയും മൂന്ന് ചക്രവാഹനങ്ങളുടെയും നിര്‍മാണവും ബാറ്ററി സ്റ്റേഷനുകളും ചാര്‍ജിംഗ് സ്റ്റേഷനുകളും ഒരുക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ലോര്‍ഡ് മാര്‍ക്ക് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകന്‍ സച്ചിദാനന്ദ് ഉപാധ്യായ് പറഞ്ഞു.
കെഎഎല്‍ ലോര്‍ഡ്‌സിലൂടെ രണ്ട് വര്‍ഷത്തിനകം 40,000-50,000 ഇലക്ട്രിക് വാഹന നിര്‍മിച്ച് വില്‍പ്പന നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പൂര്‍ണചാര്‍ജില്‍ 80-130 ദൂരപരിധി വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളായിരിക്കും കമ്പനി നിര്‍മിക്കുക.
ആദ്യഘട്ടത്തില്‍ 20 - 30 കോടി രൂപയുടെ നിക്ഷേപമാണ് സംയുക്ത സംരംഭമായ കെഎഎല്‍ ലോര്‍ഡ്‌സ് നടത്താനുദ്ദേശിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ നിക്ഷേപം 200 കോടിയാക്കി ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നു.


Tags:    

Similar News