വേണ്ടത് പരിപാലന ചെലവ് കുറഞ്ഞ, മൈലേജുള്ള കാറുകള്‍, നേട്ടം മാരുതിക്ക്

മാരുതി സുസുക്കി സ്വിഫ്റ്റ് പെട്രോള്‍ മോഡലിന്റെ പരിപാലന ചെലവില്‍ ഇന്ധനത്തിന്റെ വിഹിതം 30 നിന്ന് 40 ശതമാനം ആയാണ് ഈ വര്‍ഷം ഉയര്‍ന്നത്

Update: 2021-10-18 07:15 GMT

ദിനംപ്രതി ഉയരുന്ന പെട്രോള്‍-ഡീസല്‍ വിലയില്‍ ആശങ്കപ്പെടാത്തവരായി ആരും കാണില്ല. കുടുംബ ബജറ്റിന്റെ വലിയൊരു പങ്ക് പെട്രോള്‍ പമ്പുകളില്‍ കൊടുക്കേണ്ട അവസ്ഥയിലാണ് ഭൂരിപക്ഷവും.

കുതിച്ചുയരുന്ന ഇന്ധനവില രാജ്യത്തെ കാര്‍ വിപണിയിലെ തെരഞ്ഞെടുക്കലുകളില്‍ കാര്യമായി സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് എച്ച്എസ്ബിസി ഗ്ലോബല്‍ റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കുറഞ്ഞ പരിപാലന ചെലവും ഉയര്‍ന്ന മൈലേജും ഉള്ള വാഹനങ്ങള്‍ മാത്രമെ കൂടുതല്‍ വില്‍പന നേടു എന്നാണ് എച്ച്എസ്ബിസി റിപ്പോര്‍ട്ട്. ഭൂരിപക്ഷം ആളുകളും 10 ലക്ഷത്തില്‍ താഴെ വില വരുന്ന കാറുകള്‍ മേടിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്.
മാരുതി സുസുക്കി സ്വിഫ്റ്റ് പെട്രോള്‍ മോഡലിന്റെ പരിപാലന ചെലവ് ഉയര്‍ന്നതും റിപ്പോര്‍ട്ട് ഉദാഹരണമായി എടുത്തുകാട്ടുന്നു. കാറിന്റെ ആജീവനാന്ത പരിപാലന ചെലവില്‍ 40 ശതമാനവും ഇന്ധനം വാങ്ങുന്നതിന് വേണ്ടി ഉടമ നീക്കിവെക്കേണ്ടി വരും. 2020ല്‍ ഇത് 30 ശതമാനം ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് 10 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇന്ധന വില ഉയരുന്നതിന് അനുസരിച്ച് ചെലവ് വര്‍ധിക്കാം.
എല്ലാക്കാലത്തും രാജ്യത്തെ കാര്‍ വിപണിയില്‍ മേധാവിത്വം പുലര്‍ത്തുന്നത് 10 ലക്ഷം വരെ വിലയുള്ള ചെറുകാറുകളാണ്. നിലവില്‍ രാജ്യത്തെ കാര്‍വിപണിയുടെ 70 ശതമാനവം വരുമിത്. ഇന്ധനവില വര്‍ധനവ് ഈ ചെറുകാറുകളുടെ വിപണി ഇനിയും ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഉപഭോക്താക്കള്‍ മൈലേജും പരിപാല ചെലവിനും കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തുടങ്ങിയാല്‍ അത് ഏറ്റവും ഗുണം ചെയ്യുക ഈ മേഖലയിലെ വമ്പന്‍മാരായ മാരുതി സുസുക്കിക്ക് തന്നെയാകും. 10 ലക്ഷം താഴെ വിലയുള്ള കാറുകളുടെ വിഭാഗത്തില്‍ മാരുതിയുടെ വിപണി വിഹിതം 65 ശതമാനം ആണ്.


Tags:    

Similar News