ഏപ്രിലില്‍ നേട്ടവുമായി മഹീന്ദ്രയും ഹോണ്ടയും
എംജി മോട്ടോഴ്‌സ് ഏറ്റവും വലിയ ഇടിവാണ് നേരിടേണ്ടി വന്നത്. വില്‍പ്പനയില്‍ 53.60 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്
കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ ഏപ്രില്‍ മാസത്തിലെ വാഹന വില്‍പ്പനയില്‍ നേട്ടവുമായി മഹീന്ദ്രയും ഹോണ്ടയും. അതേസമയം ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതിയുടെയും ഹ്യുണ്ടായുടെയും വില്‍പ്പന കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ രാജ്യം പൂര്‍ണമായും അടച്ചിട്ടിരുന്നു.
വാഹന വിപണിയിലെ വമ്പന്മാരായ മാരുതി സുസുകി ഏപ്രിലില്‍ 1.35 ലക്ഷം യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. മാര്‍ച്ച് മാസം ഇത് 1.46 ലക്ഷമായിരുന്നു. 7.06 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞമാസത്തേക്കാള്‍ ഈ മാസം നേരിടേണ്ടിവന്നത്.
ഹ്യുണ്ടായ് മാര്‍ച്ച് മാസം 52,600 യൂണിറ്റുകളാണ് വിറ്റഴിച്ചതെങ്കില്‍ ഏപ്രിലില്‍ ഇത് 49,002 ആയി കുറഞ്ഞു. 6.84 ശതമാനത്തിന്റെ കുറവ്. ടാറ്റാ മോട്ടോഴ്‌സ് 25,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മാര്‍ച്ച് മാസത്തെ 30,000 യൂണിറ്റുകളേക്കാള്‍ 15.37 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം പ്രതിസന്ധിക്കിടയിലും 9.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര നേടിയത്. 18,285 യൂണിറ്റുകള്‍ വിറ്റഴിച്ച കമ്പനി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഴാം സ്ഥാനത്തുള്ള ഹോണ്ട കാര്‍ ഇന്ത്യ 27.72 ശതമാനത്തിന്റെ വളര്‍ച്ച നേടിയപ്പോള്‍ എംജി മോട്ടോഴ്‌സ് ഏറ്റവും വലിയ ഇടിവാണ് നേരിടേണ്ടി വന്നത്. വില്‍പ്പനയില്‍ 53.60 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
മെയ് മാസത്തില്‍, പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഈ രംഗത്തെ സ്ഥിതി വ്യത്യസ്തമായിരിക്കില്ല. വാഹന വില്‍പ്പനയില്‍ ഏപ്രില്‍ മാസത്തേക്കാള്‍ ഇടിവ് രേഖപ്പെടുത്തിയേക്കും.