ആദ്യം വാഹനം, പണം പിന്നെ: കിടിലന്‍ ഓഫറുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര

ഇഎംഐകളില്‍ ക്യാഷ്ബാക്ക്, ആകര്‍ഷകമായ പലിശ നിരക്ക് തുടങ്ങിയ ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്

Update: 2021-06-03 05:14 GMT

നിങ്ങളുടെ കയ്യില്‍ പണമില്ലെങ്കിലും മഹീന്ദ്രയുടെ ഏതെങ്കിലും വാഹനം സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നടക്കും. ഇപ്പോള്‍ കയ്യില്‍ പണമില്ലാത്തവര്‍ക്ക് വാഹനം സ്വന്തമാക്കാനുള്ള ഒരു കിടിലന്‍ ഓഫറാണ് മാഹീന്ദ്ര ആന്റ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. 'ഔണ്‍ നൗ, പേ ലാറ്റര്‍' (Own now, Pay later) എന്ന പേരില്‍ അവതരിപ്പിച്ച സ്‌കീമിലൂടെ തങ്ങളുടെ വില്‍പ്പനയെ ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ പദ്ധതി അവതരിപ്പിച്ചതിലൂടെ കൂടുതല്‍ ഉപഭോക്താക്കള്‍ മഹീന്ദ്രയ്ക്കുണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പുതിയ പദ്ധതിയിലൂടെ വാഹനം സ്വന്തമാക്കി 90 ദിവസങ്ങള്‍ക്ക് ശേഷം പണം അടച്ചാല്‍ മതിയാകും. 90 ദിവസങ്ങള്‍ക്ക് ശേഷം ഇഎംഐ തവണകളകളായി അടയ്ക്കാനുള്ള സൗകര്യവും ലഭിക്കും. ഈ ഓഫര്‍ മഹീന്ദ്രയുടെ എല്ലാ മോഡലുകള്‍ക്കും ലഭ്യമാണ്. കൂടാതെ ഇഎംഐകളില്‍ ക്യാഷ്ബാക്ക്, ആകര്‍ഷകമായ പലിശനിരക്ക് തുടങ്ങിയ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് മാഹീന്ദ്ര ആന്റ് മഹീന്ദ്ര വ്യക്തമാക്കി.
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മറ്റെല്ലാ കാര്‍ നിര്‍മാതാക്കളെയും പോലെ മഹീന്ദ്രയുടെ വില്‍പ്പനയിലും വന്‍ ഇടിവുണ്ടായിട്ടുണ്ട്. പാസഞ്ചര്‍ വിഭാഗത്തില്‍ മെയ് മാസം ആഭ്യന്തര വിപണിയില്‍ കമ്പനി 8,004 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. ഏപ്രിലിലെ 18,285 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 56 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വാണിജ്യ വാഹന വിഭാഗത്തില്‍ കഴിഞ്ഞ മാസം 7,508 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ മൊത്തം 1,935 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. അതേസമയം പ്രതിസന്ധിഘട്ടത്തിലും മഹീന്ദ്ര എസ് യു വി വിഭാഗത്തില്‍ അവതരിപ്പിച്ച താറിന്റെ ബുക്കിംഗ് 55,000 കടന്നു.




Tags:    

Similar News