ഏപ്രിലില്‍ മഹീന്ദ്രയുടെ മുന്നേറ്റം, വില്‍പ്പന 25 ശതമാനം ഉയര്‍ന്നു

എസ് യുവി വിഭാഗത്തില്‍ ഏപ്രിലിലെ വില്‍പ്പന 22 ശതമാനം വര്‍ധിച്ച് 22,168 യൂണിറ്റായി

Update:2022-05-04 12:37 IST

ഏപ്രില്‍ മാസത്തെ വാഹന വില്‍പ്പനയില്‍ മുന്നേറ്റവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. വാഹന വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനവാണ് മഹീന്ദ്ര നേടിയത്. അതായത്, ഏപ്രിലില്‍ വിറ്റഴിച്ചത് 45,640 യൂണിറ്റുകള്‍. ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന 23 ശതമാനം വര്‍ധിച്ച് 22,526 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 18,285 ആയിരുന്നു. വാണിജ്യ വാഹന വില്‍പ്പന 2021 ഏപ്രിലില്‍ 16,147 ആയിരുന്നത് കഴിഞ്ഞ മാസം 20,411 യൂണിറ്റായി ഉയര്‍ന്നു.

യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍, 2022 ഏപ്രിലില്‍ മഹീന്ദ്ര 22,168 വാഹനങ്ങള്‍ വിറ്റു. യുവി, കാറുകള്‍, വാനുകള്‍ എന്നിവയുള്‍പ്പെടെയുള്ള യാത്രാ വാഹന വിഭാഗത്തില്‍നിന്ന് കഴിഞ്ഞമാസം 22,526 വാഹനങ്ങള്‍ വിറ്റു. കയറ്റുമതി 2,703 യൂണിറ്റായിരുന്നു. ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള സെഗ്മെന്റായ എസ്യുവി വിഭാഗത്തിലെ ഏപ്രിലിലെ വില്‍പ്പന 22 ശതമാനം വര്‍ധിച്ച് 22,168 യൂണിറ്റായി.

നിലവില്‍, മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് ശക്തമായ ഡിമാന്റുണ്ട്. ''ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലുടനീളം ഡിമാന്‍ഡ് ശക്തമായി തുടരുന്നു. ചൈനയിലെ ലോക്ക്ഡൗണ്‍ കാരണം നിരവധി സപ്ലൈ ചെയ്ന്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ഇത് സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയും ഉചിതമായ രീതിയില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും'' മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

ഇന്ന് (04-05-2022, 12.20) ഓഹരി വില 1.67 ശതമാനം ഇടിഞ്ഞ് 906.95 രൂപ എന്ന നിലയിലാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വിപണിയില്‍ വ്യാപാരം ചെയ്യുന്നത്.

Tags:    

Similar News