Auto

കാര്‍ വാങ്ങേണ്ട, വരിക്കാരാകാം, പുതിയ പ്ലാനുമായി മഹീന്ദ്ര

Binnu Rose Xavier

മാന്ദ്യത്തെ മറികടക്കാന്‍ ഉപഭോക്താവിന് ഗുണകരമാകുന്ന വിവിധ പദ്ധതികളാണ് കാര്‍ കമ്പനികള്‍ ആവിഷ്‌കരിക്കുന്നത്. വലിയ ഓഫറുകളും വിലക്കിഴിവുമൊക്കെ നല്‍കി ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ ഒരു വിഭാഗം കാര്‍ നിര്‍മാതാക്കള്‍ ശ്രമിക്കുമ്പോള്‍ നൂതനമായ പദ്ധതികളാണ് മറ്റുള്ളവര്‍ ആവിഷ്‌കരിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ മോഡലിലുള്ള സ്‌കീമുമായി വന്നിരിക്കുകയാണ് മഹീന്ദ്ര & മഹീന്ദ്ര. ്ഇതിലൂടെ പ്രധാനമായും മില്ലനിയല്‍സിനെയാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ മഹീന്ദ്ര കാര്‍ ലീസിംഗ് മേഖലയിലേക്ക് കടന്നിരുന്നു കുറച്ചുനാള്‍ മുമ്പാണ് ഹ്യുണ്ടായ് കാര്‍ ലീസിംഗ് സംവിധാനം ആവിഷ്‌കരിച്ചത്.

ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ ഏഴ് മോഡലുകള്‍ക്കാണ് മഹീന്ദ്ര ലഭ്യമാക്കുന്നത്. റെവ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനവുമായുള്ള സഹകരണത്തിലാണ് സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീം അവതരിപ്പിച്ചിരിക്കുന്നത്.

ടിയര്‍ 1, ടിയര്‍ 2 മേഖലയിലുള്ള സ്ഥിരവരുമാനമുള്ളവരെയും സെല്‍ഫ് എംപ്ലോയ്ഡ് ആയവരെയും ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്ര സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീമില്‍ ഉപഭോക്താക്കള്‍ക്ക് ഗുണങ്ങളേറെയാണ്. ഡൗണ്‍ പേയ്‌മെന്റ് വേണ്ട. റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ്, മെയന്റനന്‍സ് തുടങ്ങിയ ചെലവുകളില്ല. റീസെയ്ല്‍ വാല്യുവിനെക്കുറിച്ച് ചിന്തിക്കേണ്ട. കൃത്യമായി മാസവരിസംഖ്യ അടച്ചാല്‍ മതി. ഏറ്റവും കുറഞ്ഞ കാലാവധി ഒരു വര്‍ഷമാണ്.

XUV 300, സ്‌കോര്‍പ്പിയോ, XUV 500, മറാസോ, ആല്‍ട്രസ് G4 തുടങ്ങി ഏഴ് മോഡലുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ രീതിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഡല്‍ഹി, മുംബൈ, പൂനെ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് സേവനം ലഭ്യമാകുന്നത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT