മറാസോ, എര്‍ട്ടിഗ, ഇന്നോവ ക്രിസ്റ്റ ആരാണ് മുന്നില്‍?

Update:2018-09-21 16:05 IST

തിമിംഗലത്തിന്റെ രൂപഭാവവും ആകര്‍ഷകമായ വിലയും നിരവധി ഫീച്ചറുകളുമായി മഹീന്ദ്രയുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ മറാസോ നിരത്തിലെത്തി. വിപണിയില്‍ മറാസോ പ്രധാനമായും പൊരുതേണ്ടത് അജയ്യരായ രണ്ട് എതിരാളികളോടാണ്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയോടും മാരുതി സുസുക്കി എര്‍ട്ടിഗയോടും. പോരാട്ടത്തില്‍ ഇവരില്‍ ആരും ജയിക്കും എന്നതാണ് ഇനിയുള്ള ചോദ്യം. മൂന്നു മോഡലുകളുടെയും സവിശേഷതകള്‍ തമ്മില്‍ ഒരു താരതമ്യം.

വലുപ്പം

ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി എര്‍ട്ടിഗ, മഹീന്ദ്ര മറാസോ എന്നീ മോഡലുകളില്‍ നീളത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്നോവ ക്രിസ്റ്റ തന്നെയാണ്. രണ്ടാം സ്ഥാനം മറാസോയ്ക്കും മൂന്നാം സ്ഥാനം എര്‍ട്ടിഗയ്ക്കും. എന്നാല്‍ വീതി കൂടുതല്‍ മറാസോയ്ക്കാണ്. അതിനു താഴെ ഇന്നോവ ക്രിസ്റ്റയുമുണ്ട്. ഏറ്റവും നീളമുള്ള വീല്‍ബേസും മറാസോയ്ക്കാണ്. ബൂട്ട്‌സ്‌പേസില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്നോവ ക്രിസ്റ്റയാണ്. ഇന്നോവയുടേത് 300 ലിറ്ററും മറാസോയുടേത് 190 ലിറ്ററും എര്‍ട്ടിഗയുടേത് 185 ലിറ്ററുമാണ് ബൂട്ട് സ്‌പേസ്. ഫ്യൂവല്‍ ടാങ്ക് എര്‍ട്ടിഗയ്ക്കും മറാസോയ്ക്കും 45 ലിറ്ററാണ്. എന്നാല്‍ ഇന്നോവയുടേത് 55 ലിറ്റര്‍ ടാങ്ക് ആണ്.

കരുത്ത്

മറാസോയുടെ എന്‍ജിന്‍ ശേഷി 1498 സിസി (121 എച്ച്.പി പവര്‍)യും എര്‍ട്ടിഗയുടേത് 1248 സിസി (90 എച്ച്.പി)യുമാണ്. ഇന്നോവ ക്രിസ്റ്റയ്ക്ക് 2393 സിസി, 2755 സിസി വകഭേദങ്ങളിലുള്ള എന്‍ജിനുകളുണ്ട്. ഇവയുടെ കരുത്ത് യഥാക്രമം 150 എച്ച്.പി, 174 എച്ച്.പി ആണ്. മറാസോയുടേത് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ആണെങ്കില്‍ എര്‍ട്ടിഗയുടേത് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ആണ്. ഇന്നോവ ക്രിസ്റ്റയ്ക്ക് 55 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് വകഭേദങ്ങളുണ്ട്. ഇന്ധനക്ഷമതയില്‍ മറാസോയും എര്‍ട്ടിഗയും ഏകദേശം ഒരുപോലെയാണ്. എര്‍ട്ടിഗയുടെ ഇന്ധനക്ഷമത ലിറ്ററിന് 17.5 കിലോമീറ്ററാണെങ്കില്‍ മറാസോയുടേത് ലിറ്ററിന് 17.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ്. ഇന്നോവ ക്രിസ്റ്റയുടെ ഇന്ധനക്ഷമത 15.10 കിലോമീറ്ററാണ്.

വില

മറാസോയ്ക്ക് ഡീസല്‍ വകഭേദം മാത്രമേയുള്ളു. ഇതിന്റെ വില 9.99 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപ വരെയാണ്. മാരുതി സുസുക്കി എര്‍ട്ടിഗയുടെ ഡീസല്‍ വകഭേദത്തിന്റെ വില 8.78 ലക്ഷം രൂപ മുതല്‍ 10.69 ലക്ഷം രൂപ വരെയാണ്. എന്നാല്‍ എര്‍ട്ടിഗയുടെ പെട്രോള്‍ വകഭേദത്തിന്റെ വില ആരംഭിക്കുന്നത് 6.34 ലക്ഷം രൂപയിലാണ്. ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ വകഭേദത്തിന്റെ വില 15.46 ലക്ഷം രൂപ മുതല്‍ 21.57 ലക്ഷം രൂപ വരെയാണ്. പെട്രോള്‍ വകഭേദത്തിന്റെ വില ആരംഭിക്കുന്നത് 14.34 ലക്ഷം രൂപയിലാണ്. (എല്ലാം എക്‌സ് ഷോറൂം വിലകളാണ്).

Similar News