നിങ്ങള്‍ക്ക് വേണമെങ്കില്‍ ക്രാഷ് ടെസ്റ്റ് നടത്താം, പണം വേറെ നല്‍കണം; നിലപാട് വ്യക്തമാക്കി മാരുതി

യുറോപ്യന്‍ നിലവാരത്തിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരാനാകില്ലെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍

Update: 2022-06-27 06:27 GMT

Image Courtesy: Global NCAP/Youtube

ഭാരത് എന്‍സിഎപി സ്റ്റാര്‍ റേറ്റിംഗിനെതിരെ (Bharat NCAP star rating) രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി(Maruti Suzuki)യുറോപ്യന്‍ നിലവാരത്തിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരാനാകില്ലെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ സ്റ്റാര്‍ റേറ്റിംഗുള്ള കാറുകള്‍ പുറത്തിറക്കാമെന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ അതിന് പണം അധികമായി നല്‍കേണ്ടി വരുമെന്നും മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു.

സര്‍ക്കാര്‍ നിയമം മാത്രമേ അനുസരിക്കേണ്ടതുള്ളു. സ്വകാര്യ ഏജന്‍സികളുടെ റേറ്റിംഗ് ടെസ്റ്റുകള്‍ നടത്താന്‍ നിര്‍ബന്ധിക്കരുതെന്നും ആര്‍സി ഭാര്‍ഗവ ആവശ്യപ്പെട്ടു. ഗ്ലോബല്‍ എന്‍സിഎപിയെ അടിസ്ഥാനമാക്കിയാണ് ഭാരത് എന്‍സിഎപി റേറ്റിംഗ് പരിശോധനകള്‍. നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ ഓട്ടോമേറ്റീവ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ ഭാഗമായി ക്രാഷ് ടെസ്റ്റിന് വിധേയമാകുന്നുണ്ട്. മണിക്കൂറില്‍ 56 കി.മീ വേഗതയിലാണ് ഈ പരിശോധന.

എന്നാല്‍ ഭാരത് എന്‍സിഎപിയില്‍ മണിക്കൂറില്‍ 64 കി.മീ വേഗതയിലാണ് ക്രാഷ് ടെസ്റ്റ് നടത്തേണ്ടത്. ഈ സാഹചര്യത്തിലാണ് യുറോപ്യന്‍ നിലവാരത്തിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരാനാകില്ല എന്ന് ആര്‍സി ഭാര്‍ഗവ വ്യക്തമാക്കിയത്. റേറ്റിംഗ് ടെസ്റ്റിനായി മാരുതി ഉള്‍പ്പടെയുള്ളവര്‍ പുറത്തിറക്കുന്ന മോഡലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടി വരും. ഇത് മെറ്റീരിയല്‍ കോസ്റ്റ് തന്നെ 10,000-15,000 രൂപ വരെ ഉയര്‍ത്തും എന്നാണ് വിലയിരുത്തല്‍. എയര്‍ബാഗ് ഉള്‍പ്പടെയുള്ള മറ്റ് സേഫ്റ്റി സൗകര്യങ്ങള്‍ വില ചെലവ് വീണ്ടും ഉയര്‍ത്തും.

എന്നാല്‍ മാരുതിയുടെ നിലപാടിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഉപഭോക്താക്കളോ സര്‍ക്കാരോ ആവശ്യപ്പെടാതെ തന്നെ സുരക്ഷ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ഇല്ലാത്ത വാഹനങ്ങല്‍ നല്‍കാനുള്ള ബാധ്യത കമ്പനികള്‍ക്കുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. ഭാരത് എന്‍.സി.എ.പി അവതരിപ്പിക്കുന്നതിനുള്ള കരട് ജിഎസ്ആര്‍ വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് കേന്ദ്രം അംഗീകരിച്ചത്.

Tags:    

Similar News