ഒരു മോഡലിന്റെ മാത്രം വില വര്‍ധിപ്പിച്ച് മാരുതി, കാരണമിതാണ്
മോഡലിന്റെ വില 6,000 രൂപയാണ് നിര്‍മാതാക്കള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്
രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി (Maruti Suzuki) തങ്ങളുടെ മോഡലയാ എര്‍ട്ടിഗയുടെ വില വര്‍ധിപ്പിച്ചു. മള്‍ട്ടി പര്‍പ്പസ് വെഹിക്കിളിന്റെ വിലയില്‍ 6,000 രൂപയുടെ വര്‍ധനവാണ് വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എര്‍ട്ടിഗയുടെ എല്ലാ വകഭേദങ്ങളിലും വില വര്‍ധനവ് ബാധമാകും. ഈ മോഡലിന്റെ എല്ലാ വേരിയന്റുകളിലും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ഇഎസ്പി) ഹില്‍ ഹോള്‍ഡ് അസിസ്റ്റും നല്‍കുന്നതിനാലാണ് വില വര്‍ധനവ്. ഓട്ടോമാറ്റിക്, ടോപ്പ് എന്‍ഡ് മാനുവല്‍ ട്രിമ്മുകളില്‍ മാത്രമാണ് കമ്പനി നേരത്തെ ഈ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്തിരുന്നത്.
'എര്‍ട്ടിഗയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ ഇഎസ്പി & ഹില്‍ ഹോള്‍ഡ് അസിസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി സജ്ജീകരിക്കും, മാരുതി സുസുകി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. വില വര്‍ധിപ്പിച്ചതോടെ 8.41 ലക്ഷം രൂപയായിരിക്കും ഇനി ഈ മോഡലിന്റെ എക്സ്ഷോറൂം വില (ഡല്‍ഹി) യെന്നും മാരുതി സുസുകി പറഞ്ഞു.
5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 6-സ്പീഡ് ടോര്‍ക്ക് ഓട്ടോമാറ്റിക് കണ്‍വെര്‍ട്ടറുമായാണ് എര്‍ട്ടിഗയില്‍ ഒരുക്കിയിരിക്കുന്നത്. യഥാക്രമം 20.51 കിലോമീറ്ററും 26.11 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.