മാരുതിയുടെ വില വര്‍ധന സെപ്റ്റംബര്‍ ഒന്ന് മുതല്‍; ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം
ഈ സാമ്പത്തിക വര്‍ഷം ഇത് മൂന്നാം തവണയാണ് മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്
രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകിയുടെ വിവിധ മോഡലുകളുടെ വില വര്‍ധനവ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഈ സാമ്പത്തിക വര്‍ഷം ഇത് മൂന്നാം തവണയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍, ജൂലൈ എന്നീ മാസങ്ങളില്‍ നേരത്തെ കമ്പനി വില വര്‍ധിപ്പിച്ചിരുന്നു. അതിനിടെ, വില വര്‍ധനവ് പ്രാബല്യത്തില്‍ വരാനിരിക്കെ മാരുതി സുസുകി ഓഹരി വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ഓഹരി വിലയില്‍ 172 രൂപയുടെ (2.6 ശതമാനം) വര്‍ധനവാണ് ഇന്ന് ഉണ്ടായത്. 6,796.90 രൂപയാണ് മാരുതിയുടെ ഒരു ഓഹരിയുടെ വില (30-08-2021).
'അധികരിച്ച വിവിധ ഇന്‍പുട്ട് ചെലവ് ഒരു വര്‍ഷമായി കമ്പനിയുടെ വാഹന വിലയെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന്. അതിനാല്‍, വില വര്‍ധനയിലൂടെ ഉപഭോക്താക്കള്‍ക്ക് അധിക ചിലവിന്റെ ചില ആഘാതങ്ങള്‍ കൈമാറേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു,'
മാരുതി സുസുക്കി ഇന്ത്യ ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. 2021 സെപ്റ്റംബറില്‍ മോഡലുകളില്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും - മാരുതി സുസുകി കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, ഓരോ മോഡലുകള്‍ക്കും ആസൂത്രണം ചെയ്ത വര്‍ധനവ് കമ്പനി വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബര്‍ 10ന് ഗണേശ ചതുര്‍ത്ഥിയോടുകൂടി ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയാണ് മാരുതിയുടെ വില വര്‍ധന.
നേരത്തെ, ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട കാര്‍സ്, മഹീന്ദ്ര & മഹീന്ദ്ര, റെനോ, ടൊയോട്ട എന്നിവ ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ തങ്ങളുടെ മോഡലുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. സ്റ്റീല്‍, മറ്റ് ലോഹങ്ങള്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനിടയാക്കിയത്.