Auto

ജനകീയ മോഡലുകളുടെ വില 15000 രൂപ വരെ കൂട്ടി മാരുതി; കാരണമിതാണ്

മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്, സിഎന്‍ജി വേരിയന്റുകളുടെ വിലയാണ് 15,000 രൂപ വരെ ഉയര്‍ത്തിയത്.

Dhanam News Desk

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ഹാച്ച്ബാക്ക് സ്വിഫ്റ്റ്, മറ്റ് മോഡലുകളുടെ സിഎന്‍ജി വേരിയന്റുകളുടെ വില 15,000 രൂപ വരെ ഉയര്‍ത്തിയതായി അറിയിച്ചു. തിങ്കളാഴ്ച ഒരു റെഗുലേറ്ററി ഫയലിംഗിലൂടെയാണ് മാരുതി സുസുക്കി ഇന്ത്യ വില വര്‍ധനവ് അറിയിച്ചത്.

ഡല്‍ഹിയിലെ എക്‌സ് ഷോറൂം വിലയാണ് 15000 രൂപയിലേറെ വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വില വര്‍ധനവ് ഇന്ന് മുതല്‍ കമ്പനി നടപ്പിലാക്കും. ജൂലൈ 12 മുതല്‍ വെബ്‌സൈറ്റിലെ വിലകളും പരിഷ്‌കരിക്കും. കാര്‍ നിര്‍മാണത്തിന് ആവശ്യമായ വിവിധ ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിച്ചതിനാലാണ് സ്വിഫ്റ്റിന്റെയും എല്ലാ സിഎന്‍ജി വേരിയന്റുകളുടെയും വില മാറുന്നത്.

വിലവര്‍ധനവിന് മുമ്പ് 5.73 ലക്ഷം മുതല്‍ 8.27 ലക്ഷം രൂപ വരെ (എക്‌സ്‌ഷോറൂം ഡല്‍ഹി) വേരിയന്റുകളിലുടനീളം സ്വിഫ്റ്റ് ലഭ്യമാണ്.

എന്നാല്‍ ഈ വില മാറും. ആള്‍ട്ടോ, സെലെറിയോ, എസ്-പ്രസ്സോ, വാഗണ്‍ ആര്‍, ഇക്കോ, എര്‍ട്ടിഗ എന്നിവയുള്‍പ്പെടെ മാരുതി സുസുക്കിയുടെ സിഎന്‍ജി വേരിയന്റുകള്‍ക്ക് 4.43 ലക്ഷം മുതല്‍ 9.36 ലക്ഷം രൂപ വരെയാണ് വില. ഇനി ഇതും മാറും.

ഈ വര്‍ഷം ഏപ്രിലില്‍ കമ്പനി സെലേറിയോ, സ്വിഫ്റ്റ് എന്നിവ ഒഴികെയുള്ള മിക്ക മോഡലുകളുടെയും വില 22,500 രൂപ വരെ ഉയര്‍ത്തിയിരുന്നു. സാധാരണക്കാരന്റെ ഇഷ്ട മോഡലായ മാരുതി വില കൂട്ടുന്നതോടെ ഈ വര്‍ഷം കാര്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് തിരിച്ചടിയാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT