കയറ്റുമതിയില്‍ 20 ലക്ഷവും കടന്ന് മാരുതി

2012-13 വര്‍ഷത്തില്‍ 10 ലക്ഷം കയറ്റുമതി നേട്ടം കൈവരിച്ച മാരുതി സുസുകി എട്ട് വര്‍ഷം കൊണ്ടാണ് 20 ലക്ഷത്തിലെത്തിയത്

Update:2021-02-27 12:24 IST

ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകിക്ക് വിദേശത്തും പ്രിയമേറുന്നു. 1986-87 കാലഘട്ടം മുതല്‍ ഇതുവരെയായി 20 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. 2012-13 വര്‍ഷത്തില്‍ 10 ലക്ഷം കയറ്റുമതി നേട്ടം കൈവരിച്ച മാരുതി സുസുകി എട്ട് വര്‍ഷം കൊണ്ടാണ് 20 ലക്ഷത്തിലെത്തിയത്. 1987 ല്‍ ആദ്യമായി ഹംഗറിയിലേക്കാണ് 500 കാര്‍ യൂണിറ്റുകള്‍ കമ്പനി കയറ്റുമതി ചെയ്തത്.

ആദ്യ ദശലക്ഷത്തില്‍, 50 ശതമാനവും യൂറോപ്പിലെ വിപണികളിലേക്കാണ് കയറ്റുമതി നടത്തിയതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ മേഖലകളിലെ വളര്‍ന്നുവരുന്ന വിപണികളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് എട്ട് വര്‍ഷത്തിനിടയില്‍ തുടര്‍ന്നുള്ള 10 ലക്ഷം നേട്ടവും കൈവരിച്ചെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
പരിശ്രമത്തിലൂടെ, ചിലി, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ വിപണികളില്‍ കമ്പനിക്ക് ഗണ്യമായ പങ്ക് നേടാന്‍ കഴിഞ്ഞു. ആള്‍ട്ടോ, ബലേനോ, ഡിസയര്‍, സ്വിഫ്റ്റ് തുടങ്ങിയ മോഡലുകള്‍ ഈ വിപണികളില്‍ ജനപ്രിയ ചോയ്‌സുകളായി മാറി.
നിലവില്‍, 14 മോഡലുകളുടെ 150 ഓളം വേരിയന്റുകള്‍ 100 ഓളം രാജ്യങ്ങളിലേക്കാണ് കമ്പനി കയറ്റുമതി ചെയ്യുന്നത്. ഈ വര്‍ഷം ജനുവരിയില്‍ കമ്പനി സുസുകിയുടെ കോംപാക്റ്റ് ഓഫ് റോഡര്‍ ജിമ്മിയുടെ ഉല്‍പ്പാദനവും കയറ്റുമതിയും ഇന്ത്യയില്‍ നിന്ന് ആരംഭിച്ചിരുന്നു. ജിമ്മിയുടെ ഉല്‍പ്പാദന കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയിലെ മാരുതി സുസുക്കിയുടെ ആഗോള ഉല്‍പ്പാദന നിലവാരം ഉയര്‍ത്താനാണ് സുസുക്കി ലക്ഷ്യമിടുന്നത്‌


Tags:    

Similar News