വില്‍പ്പന 20 ശതമാനം ഉയരുമെന്ന് പ്രതീക്ഷ; ഉല്‍പ്പാദനം വര്‍ധിപ്പിച്ച് മാരുതി സുസുകി

ചരിത്രത്തിലാദ്യമായി ഒരു ത്രൈമാസത്തില്‍ അഞ്ചു ലക്ഷത്തിലേറെ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

Update: 2020-11-24 07:33 GMT

പ്രതീക്ഷയില്‍ കവിഞ്ഞ വില്‍പ്പനയുമായി ഉത്സവ സീസണ്‍ സമാപിച്ചതോടെ കാര്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ മാരുതി സുസുകി. ഉത്സവ സീസണ്‍ കഴിയുന്നതോടെ ഡിമാന്‍ഡ് കുറയുകയും ഉല്‍പ്പാദനം കുറയ്ക്കുകയും ചെയ്യുന്ന പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി രണ്ടു മുതല്‍ 11 ശതമാനം വരെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ ഉല്‍പ്പാദകര്‍.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന പാദത്തില്‍ സ്വിഫ്റ്റിന്റെയും വിതാര ബ്രെസ്സയുടെയും ഉല്‍പ്പാദനം 5.25-5.50 ലക്ഷം യൂണിറ്റുകള്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഉണ്ടായതിനേക്കാള്‍ 27 ശതമാനം അധികമാണിത്. മാത്രവുമല്ല, കമ്പനിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാറുകള്‍ ഉല്‍പ്പാദിപ്പിച്ച 2019 രണ്ടാം ത്രൈമാസത്തിലെ ഉല്‍പ്പാദനത്തെ മറികടക്കാനും ഇതിലൂടെയാവും. അന്ന് അഞ്ചു ലക്ഷം കാറുകളാണ് കമ്പനി വിപണിയിലെത്തിച്ചത്.
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള അഞ്ചു മാസങ്ങളില്‍ 20 ശതമാനം വര്‍ധനയാണ് വില്‍പ്പനയില്‍ പ്രതീക്ഷിക്കുന്നത്. ഈ നേട്ടം കൈവരിക്കാനായാല്‍ ഈ സാമ്പത്തിക വര്‍ഷം കമ്പനി പ്രതീക്ഷിച്ച 20 ശതമാനം വില്‍പ്പനയിടിവ് 5-8 ശതമാനമായി കുറയും.
ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴു മാസത്തില്‍ 587345 കാറുകളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 27 ശതമാനം കുറവാണിത്. കോവിഡ് വ്യാപനവും അതേ തുടര്‍ന്നുള്ള ലോക്ക് ഡൗണും മൂലം ഉല്‍പ്പാദനം നിര്‍ത്തിവെക്കേണ്ടി വന്നതും ഡിമാന്‍ഡില്‍ ഉണ്ടായ കുറവുമൊക്കെയാണ് ഇടിവിന് പ്രധാന കാരണം.
സെപ്തംബറില്‍ 1.66 ലക്ഷം യൂണിറ്റുകള്‍ നിര്‍മിച്ച കമ്പനി ഒക്ടോബറില്‍ 1.82 ലക്ഷമായി അത് ഉയര്‍ത്തി. ഉത്സവ സീസണില്‍ മാരുതി കാറുകള്‍ക്ക് വലിയ ഡിമാന്‍ഡാണ് രാജ്യത്തെ വിപണിയില്‍ നിന്നുണ്ടായത്. പല മോഡലുകളും ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണവും ഏറെയാണ്.


Tags:    

Similar News