ബി.എസ് 6 കാര്‍ വില്‍പ്പന മുന്നേറുന്നുവെന്ന് മാരുതി

Update:2019-10-04 16:19 IST

ബി.എസ് 6 നിലവാരത്തില്‍ പുറത്തിറക്കിയ രണ്ട് ലക്ഷം കാറുകള്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വില്‍ക്കാന്‍ കഴിഞ്ഞതായി മാരുതി സുസുക്കി ഇന്ത്യ. പുതിയ സാങ്കേതികവിദ്യ നിര്‍ബന്ധിതമാകുന്നതിനു മുമ്പു തന്നെ വൈവിധ്യമാര്‍ന്ന ബിഎസ് 6 വാഹനങ്ങള്‍ ഇറക്കിയ കമ്പനിയുടെ ദൂരക്കാഴ്ചയുമായി ഉപഭോക്താക്കള്‍ സഹകരിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിചി അയുകാവ പറഞ്ഞു.

കമ്പനി തങ്ങളുടെ ആദ്യത്തെ ബിഎസ് 6 വാഹനമായ ബലേനോ ഫെയ്സ്ലിഫ്റ്റ് കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറക്കി. അതേ മാസം തന്നെ ബിഎസ് 6 ആള്‍ട്ടോ 800 ഉം വിപണിയിലെത്തിച്ചു, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഔദ്യോഗിക സമയപരിധിക്ക് ഒരു വര്‍ഷം മുമ്പ് തന്നെ. നിലവില്‍ വാഗണ്‍ ആര്‍ (1.2 ലിറ്റര്‍), സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, എക്‌സ് എല്‍ 6, പുതുതായി വിപണിയിലെത്തിയ എസ്-പ്രസ്സോ എന്നിവയുള്‍പ്പെടെ എട്ട് ബിഎസ് 6 പെട്രോള്‍ വാഹനങ്ങളുണ്ട് മാരുതിയുടേതായി.

അതേസമയം, മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെ ഇതുവരെ വിറ്റഴിച്ച കാറുകളുടെ എണ്ണം 10 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടതായി കമ്പനി അറിയിച്ചു. 2015 മുതലാണ് നെക്സ വഴി മാരുതി വിപണനം ആരംഭിച്ചത്. മാരുതിയുടെ മറ്റ് ഡീലര്‍ഷിപ്പുകളെ അപേക്ഷിച്ച് എല്ലാ കാര്യത്തിലും കൂടുതല്‍ പ്രീമിയം നിലവാരം നെക്സ വാഗ്ദാനം ചെയ്യുന്നു. നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 നഗരങ്ങളിലായി 350ലേറെ നെക്സ ഔട്ട്ലെറ്റുകള്‍ സ്ഥാപിച്ചിരുന്നു.

എസ്-ക്രോസ് മോഡലാണ് നെക്സയിലൂടെ മാരുതി ആദ്യമായി വിപണിയിലെത്തിച്ചത്. പിന്നാലെ ബലേനോ, സിയാസ്, ഇഗ്‌നീസ്, എക്സ്എല്‍ 6 എന്നീ മോഡലുകളും. നെക്സയുടെ പകുതിയോളം ഉപഭോക്താക്കളും 35 വയസ്സിന് താഴെയുള്ളവരാണെന്നും ഇന്ത്യന്‍ വാഹന മേഖലയിലെ മൂന്നാമത്തെ വലിയ ബ്രാന്‍ഡാണ് നെക്സയെന്നും മാരുതി വ്യക്തമാക്കുന്നു.

Similar News