മാരുതിയുടെ വിലവര്‍ധന ജുലായ് ഒന്നുമുതല്‍
ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിച്ചതാണ് വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ കാരണമായതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു
രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി പ്രഖ്യാപിച്ച വിലവര്‍ധന ജുലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കമ്പനിയുടെ ഈ വര്‍ഷത്തെ നാലാമത്തെ വില വര്‍ധനവാണിത്. വാഹന നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും ഇന്‍പുട്ട് ചെലവും വര്‍ധിച്ചതാണ് വില വര്‍ധനവിന് പ്രേരിപ്പിച്ചതെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ, 2021 ജനുവരിയില്‍ മാരുതി തങ്ങളുടെ കാറുകള്‍ക്ക് 1-6 ശതമാനം വരെ വില വര്‍ധിപ്പിച്ചിരുന്നു. വിവിധ മോഡലുകള്‍ക്ക് 5,000-34,000 രൂപ വരെയായിരുന്നു വില വര്‍ധിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഏപ്രിലില്‍ രണ്ട് തവണയും വില വര്‍ധിപ്പിച്ചു.
അതേസമയം വില വര്‍ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ മാരുതി സുസുകി ഇന്ത്യയുടെ ഓഹരി വിലയും ഉയര്‍ന്നു. അഞ്ച് ശതമാനത്തോളമാണ് ഓഹരി വില ഉയര്‍ന്നത്. കൂടാതെ, പുതിയ മോഡലുകളും ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മാരുതി സുസുകി. അടുത്ത ജനറേഷന്‍ സെലേരിയോ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ എസ്യുവിയും ബ്രാന്‍ഡില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കും അടുത്ത വര്‍ഷം പുറത്തിറക്കിയേക്കും. നേരത്തെ റിപ്പോര്‍ട്ട് ചെയ്തത് പോലെ 5 വാതിലുകളുള്ള ജിംനിയും ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും.
കോവിഡ് പ്രതിസന്ധിയിലും 2021 ഏപ്രില്‍-മെയ് കാലയളവില്‍ കാര്‍ നിര്‍മാതാക്കള്‍ ആഭ്യന്തര വിപണിയില്‍ മൊത്തം 1,68,782 യൂണിറ്റുകളാണ് വിറ്റഴിച്ചത്. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തിലെ 48.27 ശതമാനം പങ്കും മാരുതിയുടേതാണ്. സ്വിഫ്റ്റ് (25,321 യൂണിറ്റ്), ബലേനോ (21,187), വാഗണ്‍ ആര്‍ (20,742), ആള്‍ട്ടോ (20,523) എന്നിവയാണ് വില്‍പ്പനയില്‍ മുന്നിലുള്ളത്. ഏപ്രില്‍-മെയ് കാലയളവില്‍ മാരുതി സുസുക്കി 1,98,213 വാഹനങ്ങള്‍ നിര്‍മ്മിക്കുകയും ആഭ്യന്തര വിപണിയില്‍ 1,68,782 യൂണിറ്റ് വില്‍ക്കുകയും 28,278 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു.