നേട്ടവുമായി മാരുതി സുസുകി നെക്‌സ, ആറ് വര്‍ഷം കൊണ്ട് പിന്നിട്ടത് 14 ലക്ഷമെന്ന നാഴികക്കല്ല്
രാജ്യത്തെ 234 നഗരങ്ങളിലായി 380 നെക്‌സ ഔട്ട്‌ലെറ്റുകളാണ് മാരുതി സുസുക്കിയുടെ കീഴിലുള്ളത്
ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകിയുടെ പ്രീമിയം സെയില്‍സ് ശൃംഖലയായ നെക്‌സ അതിവേഗം മുന്നേറുന്നു. നെക്‌സ നിലവില്‍ വന്നതിന് ശേഷം ആറ് വര്‍ഷം കൊണ്ട് 14 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു.
2015 ല്‍ നെക്‌സ ആദ്യത്തെ ഷോറൂം തുറന്നതിന് ശേഷം ഉപഭോക്തൃ ശ്രേണിയില്‍ യുവാക്കളുടെ പങ്കാളിത്തം ഉയര്‍ത്താന്‍ സാധിച്ചതായും നിലവിലെ ഉപഭോക്താക്കളില്‍ പകുതിയോളം പേര്‍ 35 വയസിന് താഴെയുള്ളവരാണെന്നും ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കി.
രാജ്യത്തെ 234 നഗരങ്ങളിലായി 380 നെക്‌സ ഔട്ട്‌ലെറ്റുകളാണ് മാരുതി സുസുക്കിയുടെ കീഴിലുള്ളത്. ഇതുവഴി ആകെ വില്‍പ്പനയുടെ 70 ശതമാനത്തോളം ഉപഭോക്താക്കളെയും ആകര്‍ഷിക്കാന്‍ കമ്പനിക്കായിട്ടുണ്ട്.
കാറുകള്‍ വില്‍ക്കുന്നതിനപ്പുറത്തേക്ക് കാര്‍ വാങ്ങുന്നവര്‍ക്ക് നല്ല അനുഭവങ്ങള്‍ സമ്മാനിക്കാനും പുതിയ ഫോര്‍മാറ്റുകള്‍ സൃഷ്ടിക്കാനും ഒരു ഓട്ടോമൊബൈല്‍ കമ്പനി നടത്തിയ ആദ്യ സംരംഭമായി നെക്‌സയെ അടയാളപ്പെടുത്തുന്നതായി മാരുതി സുസുകി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തുടനീളമായുള്ള 380 ഷോറൂമുകളുള്ള പ്രീമിയം സെയില്‍സ് നെറ്റ്‌വര്‍ക്ക് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനിയെ സഹായിച്ചിട്ടുണ്ട്. ആറ് വര്‍ഷം കൊണ്ട് 14 ലക്ഷം ഉപഭോക്താക്കളെന്ന നാഴികക്കല്ല്, വര്‍ഷങ്ങളായി ഞങ്ങളുടെ ഉപഭോക്താക്കള്‍ ഞങ്ങളോട് കാണിച്ച വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
നെക്‌സ നെറ്റ് വര്‍ക്കിലൂടെ ഇഗ്‌നിസ്, ബലേനോ, സിയാസ്, എസ്‌ക്രോസ്, എക്‌സ്എല്‍ 6 എന്നിങ്ങനെ വിവിധ മോഡലുകളാണ് മാരുതി സുസുസി വില്‍ക്കുന്നത്.