അറിഞ്ഞോ, മാരുതി 5000 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു
2022 മെയ് 4 നും ജൂലൈ 30 നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്
5002 വാഹനങ്ങള്‍ തിരിച്ചുവിളിച്ച് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. സീറ്റ് ബെല്‍റ്റിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി 2022 മെയ് 4 നും ജൂലൈ 30 നും ഇടയില്‍ നിര്‍മിച്ച 5,002 സൂപ്പര്‍ ക്യാരി വാഹനങ്ങളാണ് മാരുതി സുസുകി തിരിച്ചുവിളിച്ചത്.
''കോ-ഡ്രൈവര്‍ സീറ്റിന്റെ സീറ്റ് ബെല്‍റ്റ് ബക്കിള്‍ ബ്രാക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ബോള്‍ട്ടിന്റെ പരിശോധനയ്ക്കാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. ബോള്‍ട്ട് ടോര്‍ക്കിംഗില്‍ ഒരു തകരാര്‍ ഉണ്ടെന്ന് സംശയിക്കുന്നു'' കമ്പനി ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.
തിരിച്ചുവിളിക്കപ്പെടുന്ന വാഹനങ്ങുടെ ഉടമകളുമായി ആശയവിനിമയം നടത്തുമെന്നും മാരുതി പറഞ്ഞു. പരിശോധനയും അറ്റകുറ്റപ്പണിയും സൗജന്യമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.