കാര്‍ വില്‍പ്പന കൂടുന്നു, ജൂണില്‍ മാരുതി സുസുകി വിറ്റത് 1.50 ലക്ഷം കാറുകള്‍
ഹ്യൂണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര& മഹീന്ദ്ര, കിയ, ടൊയോട്ട, ഹോണ്ട എന്നിവയുടെ വില്‍പ്പനയും കൂടി
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഓട്ടോമൊബീല്‍ മേഖല കരകയറുകയാണോ? ജൂണിലെ യാത്രാ വാഹനങ്ങളുടെ വില്‍പ്പന ഇത് ശരി വെക്കുന്നു. മാരുതി സുസുകി, ഹ്യൂണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര& മഹീന്ദ്ര, കിയ, ടൊയോട്ട, ഹോണ്ട തുടങ്ങിയ പ്രധാന കാര്‍ നിര്‍മാതാക്കളുടെയെല്ലാം വില്‍പ്പന വര്‍ധിച്ചതായാണ് കണക്ക്.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ജൂണില്‍ വിറ്റത് 1,47,368 കാറുകളാണ്. മേയില്‍ 46555 കാറുകള്‍ മാത്രം വിറ്റിരുന്ന സ്ഥാനത്താണിത്. ചെറു കാറുകളായ ആള്‍ട്ടോ, എസ് പ്രസേ എന്നിവ 17439 യൂണിറ്റുകള്‍ വിറ്റു. മേയില്‍ 4760 യൂണിറ്റുകള്‍ മാത്രമായിരുന്നു. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്. ബലേനോ, ഡിസയര്‍ എന്നിവയുടെ വില്‍പ്പന 68,849 ആയി. മേയില്‍ 20343 ആയിരുന്നു. വിറ്റാര ബ്രെസ്സ, എസ് ക്രോസ്, എര്‍ട്ടിഗ തുടങ്ങിയവയുടെ വില്‍പ്പനയും കൂടി.
ഹ്യുണ്ടായ് ജൂണില്‍ വിറ്റത് 54474 കാറുകളാണ്. മേയില്‍ 30703 ആയിരുന്നു. ആഭ്യന്തര വിപണിയില്‍ ടാറ്റയുടെ വില്‍പ്പനയും കൂടിയിട്ടുണ്ട്. 15,181 കാറുകള്‍ മേയ് മാസത്തില്‍ വിറ്റിടത്ത് ജൂണ്‍ ആയപ്പോള്‍ 24110 ആയി വര്‍ധിച്ചു. മഹീന്ദ്ര & മഹീന്ദ്രയാവട്ടെ, 8004 യൂണിറ്റ് ആയിരുന്നത് ജൂണില്‍ 16913 ആയി വര്‍ധിപ്പിച്ചു.
ടൊയോട്ട ജൂണില്‍ വിറ്റത് 8801 കാറുകളാണ്. മേയില്‍ 707 എണ്ണം മാത്രമാണ് വിറ്റിരുന്നത്.
കിയ ഇന്ത്യ 15015 യൂണിറ്റുകള്‍ ജൂണില്‍ വിറ്റഴിച്ചു. മേയില്‍ 11050 കാറുകളാണ് വിറ്റിരുന്നത്. ഹോണ്ട മേയിലെ 2032 ല്‍ നിന്ന് ജൂണില്‍ 4767 എണ്ണമായി വില്‍പ്പന വര്‍ധിപ്പിച്ചു.
ഇന്ത്യയിലെ ഗ്രാമീണ നഗര പ്രദേശങ്ങളിലെല്ലാം ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്നാണ് കാര്‍നിര്‍മാതാക്കള്‍ പറയുന്നത്.