മാരുതിയുടെ ഏറ്റവും വലിയ പ്ലാന്റ് ഹരിയാനയില്‍, 11,000 കോടിയുടെ നിക്ഷേപം
10 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഒരുങ്ങുന്നത്;
ഹരിയാനയില്‍ പുതിയ വാഹന നിര്‍മ്മാണ പ്ലാന്റ് ആരംഭിക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി. കമ്പനിയുടെ ഏറ്റവും വലിയ പ്ലാന്റ് ആവും ഹരിയാനയിലേത്. 800 ഏക്കറില്‍ സ്ഥാപിക്കുന്ന പ്ലാന്റിനായി 11,000 കോടി രൂപയുടെ നിക്ഷേപമാണ് മാരുതി നടത്തുന്നത്. ഗുരുഗ്രാമിലുള്ള മാരുതി പ്ലാന്റിലെ അസൗകര്യങ്ങള്‍ കണക്കിലെടുത്ത് 2018ല്‍ ആണ് പുതിയ പ്ലാന്റ് നിര്‍മിക്കാന്‍ കമ്പനി തീരുമാനിച്ചത്.
റോഡ് ഗതാഗതത്തിലെ പ്രശ്‌നങ്ങള്‍ മൂലം ഗുരുഗ്രാമിലെ ഉല്‍പ്പാദനം 7 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി കുറച്ചിരുന്നു. ഹരിയാനയിലെ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്ന മുറയക്ക് ഗുരുഗ്രാമിലെ ഉല്‍പ്പാദനം കുറയ്ക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 10 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഹരിയാനയില്‍ ഒരുങ്ങുന്നത്.
4 അസംബ്ലി യൂണീറ്റുകള്‍ സ്ഥാപിക്കാനുള്ള സൗകര്യം ഹരിയാനയിലെ പ്ലാന്റിനുണ്ട്. എന്നാല്‍ രണ്ട് യൂണീറ്റുകള്‍ മാത്രം ആണ് ആദ്യ ഘട്ടത്തില്‍ സ്ഥാപിക്കുക. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാരുതിയുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റ് രണ്ട് യൂണീറ്റുകള്‍ ആരംഭിക്കണോ എന്നതില്‍ തീരുമാനം വിപണി സാഹചര്യങ്ങള്‍ നോക്കി പിന്നീട് എടുക്കും. ആദ്യ യൂണീറ്റ് 2025ല്‍ പ്രവര്‍ത്തനം ആരംഭിക്കും
ഗുരുഗ്രാം കൂടാതെ മനേസശ്വറിലും മാരുതിക്ക് ഫാക്‌റിയുണ്ട്. രണ്ട് ഫാക്ടറികള്‍ക്കും യഥാക്രമം 8.8 ലക്ഷം, 7 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് ഉള്ളത്. ഇതുകൂടാതെ മാതൃസ്ഥാപനമായ സുസുകി കോര്‍പറേഷന്റെ ഗുജറാത്തിലെ പ്ലാന്റിന് 5 ലക്ഷം യൂണീറ്റ് വാഹനങ്ങള്‍ പ്രതിവര്‍ഷം നിര്‍മിക്കാനുള്ള ശേഷിയുണ്ട്. ഈ മൂന്ന് പ്ലാന്റിലുമായി ഒരോ മാസവും 173,000 വാഹനങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്.