18,000 കോടിയുടെ നിക്ഷേപവുമായി ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍

പ്രതിവര്‍ഷം 10 ലക്ഷം നിര്‍മാണശേഷിയുള്ള പ്ലാന്റ് ഒരുക്കും

Update:2022-05-19 16:37 IST

ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 18,000 കോടി രൂപയുടെ നിക്ഷേപവുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി (Maruti Suzuki). ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാര്‍ഖോദയില്‍ പുതിയ നിര്‍മാണ പ്ലാന്റ് ഒരുക്കുന്നതിനാണ് മാരുതി വമ്പന്‍ നിക്ഷേപം നടത്തുന്നത്. പ്രതിവര്‍ഷം 10 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റായിരിക്കും ഒരുക്കുക. ഹരിയാനയിലെ മാരുതി സുസുകിയുടെ മൂന്നാമത്തെ നിര്‍മാണ പ്ലാന്റായിരിക്കും ഇത്.

800 ഏക്കറില്‍ ഒരുക്കുന്ന നിര്‍മാണപ്ലാന്റിനായി രണ്ട് ഘട്ടങ്ങളിലാണ് നിക്ഷേപം നടത്തുക. ആദ്യഘട്ടത്തിലെ 11,000 കോടിയുടെ നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 2.5 യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റ് സജ്ജമാക്കും. ഈ നിര്‍മാണ പ്ലാന്റുകളില്‍നിന്നുള്ള വാഹനങ്ങള്‍ 2025 ഓടെ വിപണിയിലെത്തിക്കാനാകുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
നിലവില്‍ ഹരിയാനയിലെ രണ്ട് നിര്‍മാണ പ്ലാന്റുകളില്‍നിന്നും ഗുജറാത്തിലെ പ്ലാന്റില്‍നിന്നുമായി ആകെ 22 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയാണ് മാരുതി സുസുകിക്ക് ഉള്ളത്. ഹരിയാനയിലെ ഗുരുഗ്രാം, മനേസര്‍ പ്ലാന്റുകള്‍ക്ക് പ്രതിവര്‍ഷം 15.5 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയാണുള്ളത്.
'സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഹരിയാനയില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍, ആഗോള കാര്‍ നിര്‍മാണ ഭൂപടത്തില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. ഇന്ന്, ലോകത്തിലെ നാലാമത്തെ വലിയ കാര്‍ നിര്‍മാതാക്കളാണ് ഇന്ത്യ. വരും വര്‍ഷങ്ങളില്‍ ഇന്ത്യ മൂന്നാമത്തെ വലിയ കാര്‍ നിര്‍മാതാവായി മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു' എംഎസ്‌ഐ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെനിച്ചി അയുകാവ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ 13,000 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Tags:    

Similar News