ഡീസല്‍ വാഹനങ്ങളുടെ കാലം കഴിഞ്ഞു, തിരിച്ചുവരവുണ്ടാകില്ലെന്ന് മാരുതി
കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന പെട്രോള്‍ എഞ്ചിനുകള്‍ അവതരിപ്പിക്കാന്‍ മാരുതി സുസുക്കി
ഡീസല്‍ വാഹന മേഖലയിലേക്ക് തിരിച്ചുവരില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി. 2023ല്‍ കാര്‍ബണ്‍ നിര്‍ഗമന നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാവുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറയുമെന്നും മാരുതി.
ഭാരത് സ്റ്റേജിന്റെ അടുത്ത ഘട്ടത്തില്‍ ഡീസല്‍ വാഹനങ്ങളെ കൂടുതല്‍ ചെലവേറിയതാക്കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പെട്രോള്‍ കാറുകളിലേക്കുള്ള മാറ്റം സംഭവിക്കുകയാണ്. ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് ഡിമാന്റ് ഉണ്ടാവുകയാണെങ്കില്‍ ഡീസല്‍ കാറുകള്‍ പുറത്തിറക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് നേരത്തെ മാരുതി അറിയിച്ചിരുന്നു.
എന്നാല്‍ വരുംവര്‍ഷങ്ങളില്‍ ഡീസല്‍ സെഗ്മെന്റില്‍ മാരുതി ഉണ്ടാകില്ലെന്ന് ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ വി രാമന്‍ അറിയിച്ചു.നിലിവില്‍ പാസഞ്ചര്‍ വെഹ്ക്കില്‍ സെഗ്മെന്റില്‍ 17 ശതമാനമാണ് ഡീസല്‍ വാഹനങ്ങള്‍. 2013-14 കാലയളവില്‍ ആകെ വില്‍പ്പനയുടെ 60 ശതമാനവും ഡീസല്‍ കാറുകളായിരുന്നു. ഭാരത് സ്റ്റേജ് 6 മാനദണ്ഡം വന്നതോടെയാണ് ഡീസല്‍ കാറുകളുടെ വില്‍പ്പന വലിയ തോതില്‍ ഇടിഞ്ഞത്.
നിലവില്‍ മാരുതി ബിഎസ് 6 1 litre, 1.2 litre, 1.5 litre പെട്രോള്‍ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. സിഎന്‍ജി മോഡലുകളും കമ്പനി വില്‍ക്കുന്നുണ്ട്. നിലവിലുള്ള പെട്രോള്‍ എഞ്ചിനുകളുടെ ഇന്ധനക്ഷമത ഉയര്‍ത്താനും പുതിയവ അവതരിപ്പിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മാരുതി. 2025 ഓടെ മാത്രമേ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കൂ എന്ന് മാരുതി നേരത്തെ അറിയിച്ചിരുന്നു.