മക്‌ലാരന്റെ ഹൈബ്രിഡ് സൂപ്പര്‍കാര്‍ അര്‍ട്യൂറ ഇന്ത്യയില്‍; ടോപ് സ്പീഡ് 330 കിലോമീറ്റര്‍
680 ബി.എച്ച്.പി കരുത്ത്; 0-100 കിലോമീറ്റര്‍ വേഗം നേടാന്‍ മൂന്ന് സെക്കന്‍ഡ് ധാരാളം
ബ്രിട്ടീഷ് അത്യാഡംബര വാഹന നിര്‍മ്മാതാക്കളായ മക്‌ലാരന്റെ (McLaren) പുതുപുത്തന്‍ ഹൈബ്രിഡ് സൂപ്പര്‍കാറായ അര്‍ട്യൂറ (Artura) ഇന്ത്യയിലെത്തി. പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് കാറായ (PHEV) അര്‍ട്യൂറയുടെ ടോപ് സ്പീഡ് 330 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും മൂന്ന് സെക്കന്‍ഡ് മതി.
6-18 മാസം
ഇന്ത്യയെ മികച്ച പ്രതീക്ഷയോടെയാണ് മക്‌ലാരന്‍ കാണുന്നതെന്ന് മക്‌ലാരന്‍ എ.പി.എ.സി ആന്‍ഡ് ചൈന മാനേജിംഗ് ഡയറക്ടര്‍ പോള്‍ ഹാരിസ് പറഞ്ഞു. ബ്രിട്ടനില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്താണ് ഇപ്പോള്‍ കമ്പനി ഇന്ത്യയില്‍ വില്‍പന നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ബുക്കിംഗ് ലഭിക്കുന്നുണ്ടെന്നും വാഹനം ഡെലിവറി ചെയ്യാന്‍ 6 മുതല്‍ 18 മാസം വരെ എടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലഗ്-ഇന്‍ കാര്‍
സാധാരണ ഹൈബ്രിഡ് കാര്‍ അല്ല അര്‍ട്യൂറ. സാധാരണ ഹൈബ്രിഡില്‍ ഇലക്ട്രിക് മോട്ടോറും പെട്രോള്‍ എന്‍ജിനും ഉണ്ടാകുമെങ്കിലും ബാറ്ററി പുറമേ നിന്ന് ചാര്‍ജ് ചെയ്യാനാവില്ല.
എന്നാല്‍, പ്ലഗ് ഇന്‍ ഇലക്ട്രിക് കാറില്‍ (PHEV) സാധാരണ ഇലക്ട്രിക് കാറുകളിലെ പോലെ പ്ലഗ് ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാം. ഇലക്ട്രിക് മോട്ടോറുമുള്ളതിനാല്‍ ഇലക്ട്രിക് കാറായി തന്നെ ഉപയോഗിക്കുകയും ചെയ്യാം. ഒപ്പം പെട്രോള്‍ എന്‍ജിനും ഇന്ധനടാങ്കുമുണ്ടാകും.
മികച്ച കരുത്തും ആഡംബരവും
680 എച്ച്.പി സംയോജിത കരുത്തും 720 എന്‍.എം സംയോജിത ടോര്‍ക്കുമുള്ളതാണ് അര്‍ട്യൂറയിലെ 3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി6 എന്‍ജിനും പിന്നില്‍ ഇടംപിടിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറും. മികച്ച ഇന്‍ഫോടെയ്ന്‍മെന്റ് ഉള്‍പ്പെടെ ഉന്നത ഫീച്ചറുകളാല്‍ സമ്പന്നമാണ് ലക്ഷ്വറി കാര്‍. 5.10 കോടി രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.