വില വര്‍ധനവുമായി മെഴ്സിഡീസ്-ബെന്‍സ്, ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
ഔഡി ഇന്ത്യയും തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയില്‍ ഏപ്രില്‍ 1 മുതല്‍ 3 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്
വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ്-ബെന്‍സ്. ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിച്ചതോടെ, തങ്ങളുടെ മോഡലുകള്‍ക്ക് മൂന്നു ശതമാനം വരെ വില വര്‍ധനവാണ് കമ്പനി ഇന്ത്യയില്‍ പ്രഖ്യാപിച്ചത്. വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മെഴ്സിഡീസ്-ബെന്‍സ് അറിയിച്ചു. ഇന്ത്യയില്‍ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കളുടെ കാറുകളുടെ വില അടുത്ത മാസം മുതല്‍ 50,000-5 ലക്ഷം രൂപ വരെ ഉയരും.
'തങ്ങളുടെ മുഴുവന്‍ മോഡലുകളിലും 3 ശതമാനം വരെ വില വര്‍ധനവുണ്ടാകും. ലോജിസ്റ്റിക്‌സ് ചെലവുകളിലെ വര്‍ധനവിന് പുറമെ ഇന്‍പുട്ട് ചെലവുകളിലെ നിരന്തരമായ വര്‍ധനവ് കമ്പനിയുടെ മൊത്തത്തിലുള്ള ചെലവുകളില്‍ കാര്യമായ സമ്മര്‍ദ്ദം ചെലുത്തുന്നു,' ആഡംബര വാഹന നിര്‍മ്മാതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഏപ്രില്‍ ഒന്നു മുതല്‍ എ 200 ലിമോസിന്റെ അടിസ്ഥാന വില 42 ലക്ഷം രൂപയാകും. ജിഎല്‍എ 200ന് 45 ലക്ഷം, ജിഎല്‍സി 200ന് 62 ലക്ഷം, GLE 300 d 4M ന് 86 ലക്ഷം, GLS 400d 4Mന് 1.16 കോടി, എല്‍ഡബ്ല്യുബി ഇ-ക്ലാസ് 200ന് 71 ലക്ഷം, എസ്-ക്ലാസ് 350 ഡിക്ക് 1.6 കോടി, AMG E 63 S 4MATIC (CBU) ന് 1.77 കോടി, AMG- GT 63 S 4 Door Coupe (CBU) ന് 2.7 കോടി (എല്ലാം എക്‌സ്‌ഷോറൂം വില) എന്നിങ്ങനെയായിരിക്കും അടിസ്ഥാനവില. ഈ മാസം ആദ്യം ഔഡി ഇന്ത്യയും തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയില്‍ ഏപ്രില്‍ 1 മുതല്‍ 3 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു.