ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ ബിപിസിഎല്ലുമായി കൈകോര്‍ത്ത് എംജി മോട്ടോര്‍

എംജി മോട്ടോര്‍ ഇന്ത്യ അടുത്തിടെ 'എംജി ചാര്‍ജ്' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു

Update:2022-04-25 16:02 IST

രാജ്യത്തുടനീളം ഇലക്ട്രിക് വെഹിക്ക്ള്‍ ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (ബിപിസിഎല്‍) കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യ. ബിപിസിഎല്ലുമായുള്ള പങ്കാളിത്തം ഇലക്ട്രിക് വാഹന വിപണിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് വാഹന നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

'ഇവികളില്‍ ഉപഭോക്തൃ ആത്മവിശ്വാസം ഊര്‍ജസ്വലമാക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമായി ഇന്ത്യയില്‍ ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ബിപിസിഎല്ലുമായുള്ള ഞങ്ങളുടെ പങ്കാളിത്തം,' എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു. ബിപിസിഎല്ലിന്റെ ഇന്ത്യയിലെ ശക്തമായ സാന്നിധ്യവും വിശാലമായ ശൃംഖലയും രാജ്യത്തുടനീളമുള്ള നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉപഭോക്താക്കള്‍ക്ക് ചാര്‍ജിംഗ് സൊല്യൂഷനുകളിലേക്ക് സൗകര്യപ്രദമായ ആക്സസ് ഉണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹുജന വൈദ്യുത മൊബിലിറ്റിയുടെ യുഗത്തിലേക്ക് രാജ്യം നീങ്ങുമ്പോള്‍ സുസ്ഥിര ഉപഭോഗമാണ് വര്‍ത്തമാനവും ഭാവിയും എന്ന് ബിപിസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു. ബിപിസിഎല്‍ രാജ്യത്തെ പ്രധാന ഹൈവേകള്‍, പ്രധാന നഗരങ്ങള്‍, സാമ്പത്തിക കേന്ദ്രങ്ങള്‍ എന്നിവയിലുടനീളം അതിവേഗ ചാര്‍ജിംഗ് ഇടനാഴികള്‍ സ്ഥാപിക്കും. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സൗകര്യപ്രദമായ 7,000 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കുമെന്നും അദ്ദേഹം.
എംജി മോട്ടോര്‍ ഇന്ത്യ അടുത്തിടെ 'എംജി ചാര്‍ജ്' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയിലൂടെ ഇന്ത്യയിലുടനീളമുള്ള റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ 1,000 എസി ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് കാര്‍ നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.
ബിപിസിഎല്ലിന് രാജ്യത്തുടനീളം 20,000-ത്തിലധികം എനര്‍ജി സ്റ്റേഷനുകള്‍, 6,100-ലധികം എല്‍പിജി ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പുകള്‍, 733 ലൂബ്‌സ് ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പുകള്‍, 123 പിഒഎല്‍ സ്റ്റോറേജ് ലൊക്കേഷനുകള്‍, 53 എല്‍പിജി ബോട്ടിലിംഗ് പ്ലാന്റുകള്‍, 60 ഏവിയേഷന്‍ സര്‍വീസ് സ്റ്റേഷനുകള്‍ എന്നിവയുടെ വിതരണ ശൃംഖലയുണ്ട്.


Tags:    

Similar News