ഇലക്ട്രിക് മുന്നേറും, ഫണ്ട് സമാഹരിക്കാന്‍ നീക്കവുമായി മഹീന്ദ്ര
250 - 500 മില്യണ്‍ ഡോളര്‍ വരെ സമാഹരിക്കുന്നതിനാണ് കമ്പനി ഒരുങ്ങുന്നത്
ഇലക്ട്രിക് വാഹനങ്ങള്‍ (EV) നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് ഫണ്ട് സമാഹരിക്കാന്‍ നീക്കവുമായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (Mahindra and Mahindra). 250 - 500 മില്യണ്‍ ഡോളര്‍ വരെ സമാഹരിക്കുന്നതിന് ആഗോള നിക്ഷേപകരുമായി വാഹന നിര്‍മാതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി ആഗോള ഗ്രീന്‍ ഫണ്ടുകളുമായും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുമായും മഹീന്ദ്ര ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇവി ബിസിനസ് കെട്ടിപ്പടുക്കാന്‍ സഹായിക്കാന്‍ കഴിയുന്ന ഒരു ദീര്‍ഘകാല നിക്ഷേപമാണ് കമ്പനി നോക്കുന്നത്. ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റില്‍ (ബിഐഐ) നിന്ന് 250 മില്യണ്‍ ഡോളര്‍ സമാഹരിച്ചതിന് ശേഷം ജൂലൈയില്‍ മഹീന്ദ്രയുടെ പുതിയ ഇവി യൂണിറ്റിന്റെ മൂല്യം 9.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു.
അടുത്തിടെ ചില നിക്ഷേപകര്‍ ഏകദേശം 800 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.