ടെസ്‌ലയുടെ വിലയിളവ് പ്രഖ്യാപനം പാരയായി; മസ്‌കിന് ഒറ്റദിവസം നഷ്ടം ₹1.6 ലക്ഷം കോടി
വൈദ്യുത വാഹന വിപണിയില്‍ ടെസ്‌ല നേരിടുന്നത് കടുത്ത മത്സരം
ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല, ട്വിറ്റര്‍, സ്‌പേസ്എക്‌സ് എന്നിവയുടെ മേധാവിയുമായ എലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ നിന്ന് ഒറ്റദിവസം കൊഴിഞ്ഞത് 2,000 കോടി ഡോളര്‍ (ഏകദേശം 1.6 ലക്ഷം കോടി രൂപ).
വില്‍പന വര്‍ദ്ധിപ്പിക്കാനായി ടെസ്‌ല കാറുകളുടെ വില ഇനിയും കുറയ്ക്കാന്‍ തയ്യാറാണെന്ന സ്വന്തം പ്രസ്താവനയാണ് മസ്‌കിന് വിനയായത്. ഫോബ്‌സ്, ബ്ലൂംബെര്‍ഗ് എന്നിവയുടെ ശതകോടീശ്വര പട്ടികയില്‍ ലോകത്ത് ഒന്നാംസ്ഥാനത്തുള്ള മസ്‌കിന്റെ ആസ്തി ജൂലൈ 21നാണ് ഒറ്റയടിക്ക് 2,000 കോടി ഡോളര്‍ ഇടിഞ്ഞ് 23,400 കോടി ഡോളറായത് (20 ലക്ഷം കോടി രൂപ).
ഇലക്ട്രിക് കാര്‍ നിര്‍മ്മാണരംഗത്തെ ശ്രദ്ധേയരായ ടെസ്‌ലയുടെ ലാഭ അനുപാതം (gross margin) ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ൪ വര്‍ഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞിരുന്നു. മറ്റ് കമ്പനികളില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നതാണ് തിരിച്ചടിയായത്. വില്‍പന വര്‍ദ്ധിപ്പിക്കാനായി ടെസ്‌ല കാറുകളുടെ വില കുറയ്ക്കാന്‍ തയ്യാറാണെന്ന് ഇതിനിടെ മസ്‌ക് അഭിപ്രായപ്പെട്ടു.
ഇതോടെ, ടെസ്‌ല ഓഹരികള്‍ 9.74 ശതമാനം ഇടിഞ്ഞതാണ് മസ്‌കിന്റെ ആസ്തിയിലും ഇടിവുണ്ടാകാന്‍ കാരണം. കഴിഞ്ഞ ഏപ്രില്‍ 20ന് ശേഷം ടെസ്‌ല ഓഹരികളുടെ ഏറ്റവും വലിയ ഏകദിന വീഴ്ചയായിരുന്നു അത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണ കമ്പനി കാറുകളുടെ വില താഴ്ത്തുകയും ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.