ടെസ്‌ല ഇന്ത്യയിലേക്ക്: ₹20 ലക്ഷം മുതല്‍ വൈദ്യുത കാറുകള്‍
കേന്ദ്ര സര്‍ക്കാരുമായി തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ശതകോടീശ്വരന്‍ ഇയോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന വൈദ്യുത കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്നു. പ്രതിവര്‍ഷം അഞ്ച് ലക്ഷം വൈദ്യുത കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ലക്ഷ്യമിടുന്നതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 20 ലക്ഷം രൂപ മുതലായിരിക്കും വൈദ്യുത കാറുകളുടെ വില എന്നാണ് അറിയുന്നത്.
വാണിജ്യകാര്യ മന്ത്രാലയവുമായുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ചൈനയ്ക്കു ശേഷം ഇന്ത്യയെ കയറ്റുമതി ഹബ് ആക്കാനാണ് പദ്ധതി. ഇന്‍ഡോ-പസഫിക് റീജിയണിലേക്കുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും.
കഴിഞ്ഞ മേയില്‍ ടെസ്‌ല ടീം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയതോടെയാണ് രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കമെന്ന് വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നടന്ന കൂടികാഴ്ചയ്ക്കു ശേഷം ഇന്ത്യയില്‍ ഉടന്‍ തന്നെ ഫാക്ടറി സ്ഥാപിക്കുമെന്ന് മസ്‌ക് വ്യക്തമാക്കുകയും ചെയ്തു. മറ്റേതു രാജ്യത്തേക്കാളും ഭാവിയുള്ള നാടെന്നാണ് ഇന്ത്യയെ മസ്‌ക് വിശേഷിപ്പിച്ചത്.