Lightyear 0; വില്‍പ്പനയ്‌ക്കെത്തുന്ന ലോകത്തെ ആദ്യ സോളാര്‍ കാര്‍
കാറിന് മുകളില്‍ കര്‍വ് ആകൃതിയിലാണ് സോളാര്‍ പാനലിന്റെ സ്ഥാനം;
സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് ലൈറ്റ്ഇയറിന്റെ ആദ്യമോഡല്‍ 'ലൈറ്റ്ഇയര്‍ 0' (Lightyear 0) നിരത്തുകളിലേക്ക് എത്തുന്നു. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി ലൈറ്റ്ഇയര്‍ ആറുവര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് കാര്‍ പുറത്തിറക്കുന്നത്. 2019ല്‍ ആണ് കമ്പനി ആദ്യമായി Lightyear 0യുടെ പ്രോട്ടോ ടൈപ്പ് അവതരിപ്പിക്കുന്നത്.
ലൈറ്റ്ഇയറിന്റെ വെബ്‌സൈറ്റിലൂടെ വാഹനം ബുക്ക് ചെയ്യാം. നവംബര്‍ മുതലാണ് ലൈറ്റ്ഇയര്‍ 0യുടെ വി്ല്‍പ്പന ആരംഭിക്കുക. സോളാറിനൊപ്പം സാധാരണ ഇലക്ട്രിക് കാറുകളെപ്പോലെ ചാര്‍ജ് ചെയ്തും ലൈറ്റ്ഇയര്‍ 0 ഉപയോഗിക്കാം. 624 കി.മീ റേഞ്ച് ലഭിക്കുന്ന കാറില്‍ ഒരു ദിവസം 70 കി.മീ ആണ് സോളാര്‍ ഊര്‍ജ്ജം കൊണ്ട് സഞ്ചരിക്കാനാവുക. ചാര്‍ജ് ചെയ്യാതെ സോളാര്‍ ഊര്‍ജ്ജം മാത്രം ഉപയോഗിച്ച് മാസങ്ങളോളം ലൈറ്റ്ഇയര്‍ 0യില്‍ സഞ്ചരിക്കാനാവും എന്നാണ് കമ്പനിയുടെ അവകാശവാദം.
263,000 യുഎസ് ഡോളര്‍ (ഏകദേശം 2.08 കോടി രൂപ) ആണ് കാറിന്റെ വില. 60 കിലോവാട്ട് ബാറ്ററിയും 175 കുതിര ശക്തിയുള്ള നാല് ഇലക്ട്രിക് മോട്ടോറുകളുമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. 10 സെക്കന്‍ഡുകൊണ്ട് കാറിന് 100 കി.മീ വേഗത കൈവരിക്കാനാവും. മണിക്കൂറില്‍ 160 കി.മീറ്റര്‍ ആണ് ഉയര്‍ന്ന വേഗത. കാറിന് മുകളില്‍ കര്‍വ് ആകൃതിയിലാണ് സോളാര്‍ പാനലിന്റെ സ്ഥാനം. 30,000 യൂറോ മുതല്‍ വില വരുന്ന വിലകുറഞ്ഞ മോഡലുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ലൈറ്റ്ഇയര്‍. 2035ഓടെ ലോകത്ത് സോളാര്‍ കാറുകള്‍ സഞ്ചരിച്ച ആകെ ദൂരം ഒരു ലൈറ്റ് ഇയറിന് തുല്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഏകദേശം 6 ട്രില്യണ്‍ മൈലാണ് ഒരു ലൈറ്റ് ഇയര്‍.