ഈ വര്‍ഷം കരുത്തോടെ എത്തുന്നു, ഇലക്ട്രിക് ബൈക്കുകള്‍
അഞ്ച് ഇലക്ട്രിക് ബൈക്കുകളാണ് ഈ വര്‍ഷം വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്
വൈദ്യുതിയിലോടുന്ന ഇരുചക്ര വാഹനങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്കെത്തുക ചെറിയ സ്‌കൂട്ടറുകളാവും. എന്നാല്‍ പ്രമുഖ ഇരുചക്ര നിര്‍മാതാക്കള്‍ കരുത്തുറ്റ ഇലക്ട്രിക് ബൈക്കുകളുമായി വിപണി കീഴടക്കാന്‍ എത്തുകയാണ്. ഹീറോ അടക്കമുള്ള കമ്പനികള്‍ 2020 ഓട്ടോ എക്‌സ്‌പോയില്‍ അവരുടെ ഇ ബൈക്കുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അവ ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. റവോള്‍ട്ട് അവരുടെ ആര്‍വി 400 മോഡല്‍ ഇ ബൈക്ക് ഇതിനകം പുറത്തിറക്കിയിട്ടുമുണ്ട്.
ഇതാ ഈ വര്‍ഷം വിപണിയിലിറക്കുന്ന ഇ ബൈക്കുകള്‍
റവോള്‍ട്ട് ആര്‍വി 400
ദല്‍ഹി, പൂന നഗരങ്ങളില്‍ നിലവില്‍ ഈ ബൈക്ക് ലഭ്യമാണ്. 3000 വാട്ട് മോട്ടോറിന്റെ കരുത്തില്‍ പരമാവധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ഇത് സഞ്ചരിക്കും. 3.23 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. 4.5 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും. 150 കിലോമീറ്ററാണ് റേഞ്ച്.
ബേസ്, പ്രീമിയം വേരിയന്റുകളില്‍ ഇത് ലഭിക്കും.
ഹീറോ ഇലക്ട്രിക് എഇ-47
2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മോഡലാണിത്. അടുത്ത മാസങ്ങളില്‍ ഇവ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഏകദേശം 1.25-1.5 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു. 4000 വാട്ടിന്റെ മോട്ടോര്‍ ആകും ഇതിനുണ്ടാകുക. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയാര്‍ജ്ജിക്കാനും ഇതിനാവും. 3.5 കെഡബ്ല്യുഎച്ച് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിനുണ്ടാകുക. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ പവര്‍ മോഡില്‍ 85 കിലോമീറ്ററും ഇക്കോ മോഡില്‍ 160 കിലോമീറ്ററും സഞ്ചാരിക്കാം. നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു.
ടോര്‍ക്ക് ടി6എക്‌സ്
കഴിഞ്ഞ വര്‍ഷം രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയ കമ്പനിയാണ് ടോര്‍ക്ക് മോട്ടോഴ്‌സ്. ടോര്‍ക്ക് ടി 6 എക്‌സ് എന്ന പേരില്‍ പുതിയ ഇലക്ട്രിക് ബൈക്ക് വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 72 എഎച്ച് ലിഥിയം അയേണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക് ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി പറയുന്നത്. 6കെ ഡബ്ല്യു ബിഎല്‍ഡിസി മോട്ടോര്‍ ആണ് കരുത്തേകുക. മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ ഇതിനാകും. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും.
എവലറ്റ് ഹോക്ക്
ഗുഡ്ഗാവ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ എവലറ്റ് 2020 ഓട്ടോ എക്‌സ്‌പോയില്‍ ഹോക്ക് എന്ന പേരിലുള്ള ഇ ബൈക്ക് അവതരിപ്പിച്ചിരുന്നു. 72 വോള്ഡട്ടിന്റെ ബാറ്ററിയാകും ഇതിലുണ്ടാകുക. 3-4 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ഓടിക്കാനാകും. മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈവ് ടെസോറോ
ഇലക്ട്രിക് ബൈക്ക്-സ്‌കൂട്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്റ്റാര്‍ട്ട് അപ്പാണ് ഈവ് (EeVe). ഓട്ടോ എക്‌സ്‌പോയില്‍ ഈ കമ്പനിയും അവരുടെ ഇ ബൈക്ക് അവതരിപ്പിച്ചിരുന്നു. ബൈക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. പരമാവധി വേഗത മണിക്കൂറില്‍ 70 കിലോമീറ്ററും റേഞ്ച് 100 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്നത്. 3-4 മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവുമെന്നും അറിയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel