പലിശയും വിലവര്‍ദ്ധനയും തിരിച്ചടി; വാഹനങ്ങളുടെ ബുക്കിംഗ് റദ്ദാക്കല്‍ കൂടുന്നു
ഡീലര്‍ഷിപ്പുകളില്‍ വിറ്റഴിയാതെ കിടക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നു
കുതിച്ചുയര്‍ന്ന പലിശഭാരത്തിനൊപ്പം മോഡലുകളുടെ വിലയും വര്‍ദ്ധിച്ചതോടെ വാഹനവിപണിയില്‍ പുത്തന്‍ കാറുകളുടെ ബുക്കിംഗുകള്‍ റദ്ദാക്കപ്പെടുന്നതും കൂടുന്നു. ആഭ്യന്തര വാഹനവിപണിയിലെ ബുക്കിംഗ് റദ്ദാക്കല്‍ നിരക്ക് സാധാരണ 10 ശതമാനത്തിനടുത്താണ്. എന്നാല്‍, നിലവില്‍ ഇത് 15-20 ശതമാനമായി ഉയര്‍ന്നുവെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ബുക്കിംഗിനനുസരിച്ച് വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്യാനും നിര്‍മ്മാതാക്കള്‍ പ്രതിസന്ധി നേരിടുന്നുണ്ട്. എട്ടുലക്ഷം ഓര്‍ഡറുകള്‍ നിലവില്‍ തീര്‍പ്പാകാതെയുണ്ടെന്നാണ് കണക്ക്.
ഉടമകളെ കാത്ത് മൂന്നുലക്ഷം വണ്ടികള്‍
രാജ്യത്തെ ഡീലര്‍ഷിപ്പുകളില്‍ മൂന്നുലക്ഷത്തോളം വാഹനങ്ങള്‍ വിറ്റഴിയാതെ കിടക്കുന്നുവെന്നാണ് വിലയിരുത്തല്‍. 2019ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്. 250 കോടി ഡോളറാണ് (ഏകദേശം 20,000 കോടി രൂപ) ഇവയുടെ മൊത്തം മൂല്യം.
പുതിയ മോഡലുകളുടെ വിപണിപ്രവേശം ഉപയോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന പലിശനിരക്കും വിലവര്‍ദ്ധനയും മൂലം ബുക്കിംഗ് മെച്ചപ്പെടുന്നില്ല.