ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ച് ഒകിനാവ ഓട്ടോടെക്
തങ്ങളുടെ മോഡലയാ പ്രൈസ് പ്രോ സ്‌കൂട്ടറിന്റെ 3,215 യൂണിറ്റുകളാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ തിരിച്ചുവിളിച്ചത്
രാജ്യത്ത് ആദ്യമായി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ (Electric Scooter) തിരിച്ചുവിളിച്ച് ഒകിനാവ ഓട്ടോടെക്. തങ്ങളുടെ മോഡലയാ പ്രൈസ് പ്രോ (PraisePro) സ്‌കൂട്ടറിന്റെ 3,215 യൂണിറ്റുകളാണ് ഒകിനാവ ഓട്ടോടെക് തിരിച്ചുവിളിച്ചത്. ബാറ്ററികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ചതെന്ന് നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. തിരിച്ചുവിളിച്ച സ്‌കൂട്ടറുകളുടെ കണക്ടറുകള്‍ അയഞ്ഞിട്ടോയെന്നും മറ്റ് കേടുപാടുകള്‍ ഉണ്ടോയെന്നും പരിശോധിക്കുകയും ഇന്ത്യയിലെ ഏതെങ്കിലും ഒകിനാവ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി ഇവ നന്നാക്കുകയും ചെയ്യും.
ഒന്നിലധികം ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചതിന് പിന്നാലെയാണ് നിര്‍മാതാക്കളുടെ ഈ നീക്കം. ഈ ആഴ്ചയിലെ തിരുപ്പൂരിലെ തീപിടിത്തമുള്‍പ്പെടെ മൂന്ന് ഒകിനാവ മോഡലുകള്‍ക്കാണ് തീപിടിച്ചത്. കഴിഞ്ഞ മാസം ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് പിതാവും 13 വയസുള്ള മകളും മരിച്ചിരുന്നു. തുടര്‍ന്ന് തീ ആയോഗ് സിഇഒ അമിതാഭ് കാന്ത് ഇവി നിര്‍മ്മാതാക്കളോട് തീപിടുത്തത്തില്‍ ഉള്‍പ്പെട്ട ഇവി ബാച്ചുകള്‍ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, നാസിക് ആസ്ഥാനമായുള്ള ജിതേന്ദ്ര ഇവി ടെക്കിന്റെ 20 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ട്രാന്‍സ്‌പോര്‍ട്ട് കണ്ടെയ്‌നറില്‍ കയറ്റിയ ശേഷം തീപിടിച്ച് നശിച്ചിരുന്നു.