കാറുകള്‍ വിറ്റൊഴിയാനുള്ള നീക്കവുമായി ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍

Update:2020-07-03 16:30 IST

കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ടാക്‌സി ബിസിനസിലെ അനിശ്ചിതത്വം നീണ്ടു പോകുന്ന സാഹചര്യത്തില്‍  ഓല, സൂംകാര്‍ പോലുള്ള മൊബിലിറ്റി കമ്പനികള്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ വില്‍ക്കാന്‍ നീക്കം തുടങ്ങി.ഈ മാസം മുതല്‍ ധാരാളം വാഹനങ്ങള്‍ ഇത്തരത്തില്‍ ഒഴിവാക്കാന്‍  ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു പദ്ധതിയുണ്ടെന്ന വിവരം പുറത്തുവന്നു.

യൂസ്ഡ് കാര്‍ വിപണി മെച്ചപ്പെട്ടുവരുന്ന സാഹചര്യവും കമ്പനികള്‍ വിലയിരുത്തുന്നുണ്ട്.വാഹനങ്ങള്‍ വിറ്റൊഴിയുന്നതിന്  ഏറ്റവും അനുയോജ്യമായ സമയം കണ്ടെത്താന്‍ വിപണി സാഹചര്യങ്ങള്‍ പരിശോധിച്ചുവരികയാണ് ഓല. യുസ്ഡ് കാര്‍ വിപണിയിലെ മുന്‍നിര  ഡീലര്‍മാരായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് (എംഎഫ്‌സി), മാരുതി ട്രൂ വാല്യു എന്നീ കമ്പനികളുമായാണ് ഇതിനായി ആശയവിനിമയം നടത്തിവരുന്നത്.

ഓല ഫ്ളീറ്റ് ടെക്നോളജീസിന് 30,000 കാറുകളാണുള്ളത്്. ഓല പ്ലാറ്റ്‌ഫോമിലെ ഡ്രൈവര്‍മാര്‍ക്ക് അത് പാട്ടത്തിന് നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് സ്വയം ഡ്രൈവ് ചെയ്യാനായി വാടകയ്ക്ക് കൊടുക്കുന്ന പതിനായിരത്തിലധികം കാറുകള്‍ ആണ് സൂംകാര്‍ സ്വന്തമാക്കിയത്. എന്നാല്‍ ലോക്ഡൗണിന്റെ തുടക്കം മുതല്‍ ഇതില്‍ വലിയൊരു ഭാഗം ഉപയോഗിച്ചിട്ടില്ല.

ഓല ഡ്രൈവര്‍മാര്‍ക്ക് സാമ്പത്തിക ആശ്വാസം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, അവരില്‍ 50 ശതമാനത്തോളം ജീവനക്കാര്‍ക്കും ജോലി നഷ്ടമായി. ധാരാളം ക്യാബുകള്‍ മാസങ്ങളോളം വെറുതെ കിടക്കുകയാണെന്ന് ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു. ഇവ വില്‍ക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചതായി സ്ഥിരീകരിച്ചു. സൂംകാറില്‍ നിന്ന് പ്രഥമ ഘട്ടത്തില്‍ 60 ഓളം വാഹനങ്ങള്‍ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News